ഉമ്മൻചാണ്ടിയെ ഇന്ന് ബംഗുളൂരുവിലേക്ക് കൊണ്ടുപോയേക്കും

Wednesday 08 February 2023 12:54 AM IST

തിരുവനന്തപുരം: ന്യൂമോണിയ ബാധയെത്തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗുളൂരുവിലേക്ക് മാറ്റിയേക്കും. ഡോക്ടർമാരുടെ വിദഗ്ദ്ധാഭിപ്രായം പരിഗണിച്ചാവും അന്തിമ തീരുമാനമെടുക്കുക. ബംഗുളൂരുവിലെ എച്ച്.സി.ജി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അദ്ദേഹം നേരത്തെ ചികിത്സ തേടിയിരുന്നത്.

ചികിത്സാ മേൽനോട്ടത്തിനായി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുമായി മെഡിക്കൽ ബോർഡ് വിശദമായി ചർച്ച നടത്തി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഇന്നലെ ആശുപത്രി പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ രാവിലെ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയ മന്ത്രി മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ വിശദമാക്കി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, കെ.എസ്.ശബരീനാഥ് തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഉമ്മൻചാണ്ടി ഐ.സിയുവിലായതിനാൽ സന്ദർശന വിലക്കുണ്ട്. ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ ആശുപത്രിയിൽ കൂടെയുണ്ട്.

യാത്രയ്ക്കായി എയർ ആംബുലൻസ് ബുക്ക് ചെയ്തതായും ഇന്ന് അല്ലെങ്കിൽ അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബംഗുളൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും എയർ ആംബുലൻസിന്റേതടക്കം ചെലവുകൾ പാർട്ടി വഹിക്കുമെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു.