ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, കേരളത്തിൽ ആദ്ധ്യാത്മിക ആചാര്യന്മാർ രക്തരഹിത വിപ്ലവം സൃഷ്ടിച്ചു : പി.കെ.കൃഷ്ണദാസ്

Wednesday 08 February 2023 12:56 AM IST
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സാംസ്കാരിക സമ്മേളനം ഇന്ത്യൻ റെയിൽവെ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു. കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ.ഭാ സുരേന്ദ്രൻ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായർ, ജില്ലാ കഥകളി ക്ലബ് സെക്രട്ടറി വി.ആർ.വിമൽരാജ്, ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. ജയവർമ്മ, ജി. കൃഷ്ണകുമാർ എന്നിവർ സമീപം

ചെറുകോൽപ്പുഴ : അന്ധവിശ്വാസവും അനാചാരവും കൊടികുത്തിവാണ കേരളത്തിൽ രക്തരഹിത വിപ്ലവത്തിലൂടെ ഇന്നുകാണുന്നമാറ്റം കൊണ്ടുവന്നത് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും ഉൾപ്പടെയുളള ആദ്ധ്യാത്മിക ആചാര്യന്മാരാണെന്ന് ഇന്ത്യൻ റെയിൽവെ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. 111-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദർശനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു ചട്ടമ്പി സ്വാമികൾ. ഒരേകാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും കേരള സമൂഹത്തിൽ സമൂലമായ മാറ്റമാണ് സൃഷ്ടിച്ചത്. ആദ്ധ്യാത്മിക മൂല്യങ്ങളും ധാർമ്മിക മൂല്യങ്ങളും നഷ്ടപ്പെട്ടതാണ് ഇന്നത്തെ അപചയത്തിന് കാരണമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ.ഭാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാകഥകളി ക്ലബ് സെക്രട്ടറി വി.ആർ.വിമൽ രാജിനെ ആദരിച്ചു. ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.ജയവർമ്മ സ്വാഗതവും ജി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.