ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി മുൻകൂട്ടി സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവില്ല

Wednesday 08 February 2023 12:04 AM IST

തിരുവനന്തപുരം: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാന മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥിപ്രഖ്യാപനം വൈകും. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങുന്ന ശൈലിയാണ് പാർട്ടിക്കുള്ളതെങ്കിലും ഇക്കുറി കേരളത്തിൽ അങ്ങനെ വേണ്ടെന്നാണ് തീരുമാനം. മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷമായിരിക്കും ബി.ജെ.പിയുടെ പട്ടികപുറത്തിറക്കുക.

സംസ്ഥാനത്ത് ആറു മണ്ഡലങ്ങളിലാണ് ബി.ജെ.പി ശ്രദ്ധയൂന്നുക. തിരുവനന്തപുരം,ആറ്റിങ്ങൽ,പത്തനംതിട്ട,തൃശ്ശൂർ,പാലക്കാട്,കാസർകോട് തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിക്ക് പ്രതീക്ഷയുണ്ട്. ബി.ജെ.പിക്ക് ഇതുവരെവിജയിക്കാനാകാത്ത കേരളത്തിൽ ഇത്തവണ സാദ്ധ്യത കൂടിയിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. പ്രഭാരിയായി എത്തിയ പ്രകാശ് ജാവദേക്കറുടെ റിപ്പോർട്ടും അത്തരത്തിലാണ്. അമിത്ഷായ്ക്കാണ് കേരളത്തിലെ മേൽനോട്ടച്ചുമതല. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി മുൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സുധീർ കൺവീനറായി മൂന്നംഗസമിതി രൂപീകരിച്ചിട്ടുണ്ട്. ബി.ഗോപാലകൃഷ്ണൻ, പ്രകാശ് ബാബു തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. ഇവരാണ് ഡൽഹി നേതൃത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പ്രാവർത്തികമാക്കുക. കഴിഞ്ഞയാഴ്ച ഡൽഹിയിൽ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അവലോകനയോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു.

കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയെന്ന നിലയിൽ മുൻതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണ് കേരളത്തിൽ ലോക്‌സഭയിലേക്ക് മുൻതൂക്കം കിട്ടിയിരുന്നത്. അധികാരത്തിൽ തിരിച്ചെത്തുമെന്ന തോന്നലിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മികച്ച ജനപിന്തുണ നേടി. സംസ്ഥാനത്ത് മുൻതൂക്കമുള്ള രണ്ടുമുന്നണികൾക്കും കേന്ദ്രഭരണത്തിൽ പങ്കാളിത്തമില്ലാത്ത അവസ്ഥ തുടരുകയാണ്. ഇതോടെ 10 വർഷമായി കേന്ദ്രവികസന പദ്ധതികളിൽ കേരളം പിന്തള്ളപ്പെടുന്നു എന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് കേന്ദ്രസർക്കാരിലും മന്ത്രിമാരിലും വേണ്ടത്ര സ്വാധീനമില്ല. പ്രവാസികളായ സംരംഭകരും തൊഴിലാളികളും ഏറെയുള്ള കേരളത്തിന് അത് തിരിച്ചടിയാണ്. കേരളത്തിൽ നിന്നുള്ള 20 എം.പി.മാരും പ്രതിപക്ഷത്തായതിനാൽ നാട്ടുകാർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയുണ്ടെന്നും കണക്കാക്കുന്നു. അതിനാൽ ലോക്‌സഭ തിരഞ്ഞെടുപ്പിലെങ്കിലും ബി.ജെ.പിക്കൊപ്പം നിൽക്കണമെന്ന തോന്നൽ സംസ്ഥാനത്ത് വോട്ടർമാരിൽ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിൽ ജനപ്രീതി കൂടിയിട്ടുമുണ്ട്. സംസ്ഥാനത്ത് മൂന്നിലൊന്ന് വോട്ടർമാർ മോദിയെ ഇഷ്ടപ്പെടുന്നവരാണെന്നാണ് സർവ്വേ റിപ്പോർട്ട്.

പ്രവർത്തനം പോരെന്ന് കേന്ദ്രനേതൃത്വം

ലോക്‌സഭാതിരഞ്ഞെടുപ്പിനായി നിർദ്ദേശിച്ചിട്ടുളള തരത്തിൽ ചിട്ടയായ മുന്നൊരുക്കങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വത്തിന് അഭിപ്രായമുണ്ട്. ഏതെങ്കിലും തരത്തിലുള്ള കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളായി സംസ്ഥാനത്ത് 33 ലക്ഷം കുടുംബങ്ങളുണ്ടെന്നാണ് പാർട്ടിറിപ്പോർട്ട്. ഇവരെ കണ്ടെത്തി ബന്ധപ്പെടാനും മോദി ബ്രാൻഡ് വളർത്താനും ആവിഷ്കരിച്ച പദ്ധതി വേണ്ടത്ര നടപ്പായില്ല.ജനുവരി 12മുതൽ 31വരെ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഗൃഹസമ്പർക്കം നടത്താൻ നിർദ്ദേശിച്ചുവെങ്കിലും പകുതിപോലും പൂർത്തിയായില്ല.ഇതോടെ പദ്ധതി മാർച്ച് 31വരെ നീട്ടാൻ കേന്ദ്രം നിർദ്ദേശിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആഗസ്റ്റ് മുതൽ മൂന്നു മാസം ബൂത്ത് പുനഃസംഘടന,നവംബർ മുതൽ മൂന്നു മാസം ഫണ്ട് ശേഖരണം,ഫെബ്രുവരി മുതൽ മൂന്നു മാസം പൊതുപരിപാടികൾ എന്നിങ്ങനെ ചിട്ടയായി ഒരുക്കങ്ങൾ നടക്കുന്നുണ്ട്.പൊതുപരിപാടികൾ ഫെബ്രുവരി 11,12തീയതികളിൽ ദീനദയാൽബലിദാൻ ദിനാചരണത്തോടെ തുടങ്ങും. 20മണ്ഡലങ്ങളിലും സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഓരോദിവസത്തെ പദയാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്.