കരിപ്പൂർ വിമാനത്താവളം: സാമൂഹികാഘാത പഠനത്തിന് ഇന്ന് തുടക്കമാവും

Wednesday 08 February 2023 12:08 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് ഇന്ന് തുടക്കമാവും. നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ആ​ദ്യ ദി​നം​ ത​ന്നെ മു​ട​ങ്ങി​യ പഠനമാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ക​ളക്ട​റേ​റ്റി​ൽ മ​ന്ത്രി വി.അ​ബ്ദു​റ​ഹ്​മാന്റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭൂ​വു​ട​മ​ക​ളു​ടെ​യും സ​മ​ര​ സ​മി​തി​യു​ടെയും യോ​ഗത്തി​ൽ പഠനം പുനഃരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. പഠനം നടത്തുന്നതിനായി ജനുവരി 16ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിലെ നാലംഗ സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു. പ​ള്ളി​ക്ക​ൽ വി​ല്ലേ​ജി​ലെത്തിയ പഠന സംഘത്തിന് നാട്ടുകാരുടെ കടുത്ത ​പ്ര​തി​ഷേ​ധത്തെ തു​ട​ർ​ന്ന്​ പ​ഠ​നം നടത്താൻ കഴിഞ്ഞില്ല. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചെങ്കിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം ചുണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടർ (എൽ.എ)​ മുഖേന സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ്​ മന്ത്രിയുടെ നേതൃത്വത്തിൽ എം.എൽ.എമാരെ കൂടി ഉൾപ്പെടുത്തി ഭൂമി നഷ്ടപ്പെടുന്നവരുമായി മലപ്പുറത്ത് ചർച്ച നടത്തിയത്.

പുതിയ സാഹചര്യത്തിൽ ഇ​വ​രോ​ട്​ പ​ഠ​നം പു​നഃ​രാ​രം​ഭി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.നാലാഴ്ചക്കകം സാമൂഹികാഘാത പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

പള്ളിക്കൽ വില്ലേജിൽ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കർ ഭൂമിയും അടക്കം 14.5 ഏക്കറാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനായി 74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിലാണ് എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാവും എന്നതടക്കം കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. റിപ്പോർട്ട് ലഭിക്കും മുറയ്ക്ക് ഇത് പരിശോധിക്കാൻ ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ആറ് മാസത്തിനകം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറണം.