കണ്ടെയ്നർ ലോറി വാടക കൂടും

Wednesday 08 February 2023 12:16 AM IST

തിരുവനന്തപുരം: കണ്ടെയ്‌നർ ലോറികളുടെ വാടക നിരക്ക് നേരിയ തോതിൽ വർദ്ധിപ്പിക്കണമെന്ന നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിൽ തീരുമാനമായി. 5 ശതമാനം വരെ വർദ്ധന വരും. വാഹന വാടകയുടെ നിശ്ചിത ശതമാനം തൊഴിലാളികൾക്ക് ബാറ്റയായി ലഭിക്കും. നിരക്കുകൾ സംബന്ധിച്ച അന്തിമ പട്ടിക വൈകാതെ പുറത്തിറക്കും.

ഇന്ധന വിലവർദ്ധനയുടെയും നടത്തിപ്പ് ചെലവിന്റെയും അടിസ്ഥാനത്തിൽ കണ്ടെയ്‌നർ ലോറികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും അനാരോഗ്യകരമായ മത്സരം ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കണമെന്നും വാഹന ഉടമകൾ ദീർഘനാളായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ടെയ്‌നർ ലോറികളുടെ നിരക്ക് സംബന്ധിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിരുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, ലേബർ കമ്മിഷണർ കെ.വാസുകി തുടങ്ങിയവർ പങ്കെടുത്തു.