കരിപ്പൂരിന് വീണ്ടും ഹജ്ജുകാലം
മലപ്പുറം: കേരളത്തിൽ നിന്ന് ഹജ്ജിന് കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ പുറപ്പെടൽ (എംബാർക്കേഷൻ) കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം. കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കോഴിക്കോട്ടെ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിച്ചു.
ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹജ്ജ് നയത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തി. 70 ശതമാനം സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാക്കി. വി.ഐ.പി ക്വാട്ട പൂർണ്ണമായും നിറുത്തലാക്കി. ഹജ്ജിനുള്ള അപേക്ഷാ ഫീസായ 300 രൂപ വാങ്ങില്ല. ബാഗും വസ്ത്രങ്ങളും തീർത്ഥാടകരിൽ നിന്ന് പണമീടാക്കി ഹജ്ജ് കമ്മിറ്റി വാങ്ങിനൽകുന്നതിന് പകരം തീർത്ഥാടകർ സ്വയം വാങ്ങണം.
ദിർഹം സ്വയം മാറ്റി കൈവശം വയ്ക്കേണ്ടിവരും. 70 വയസിന് മുകളിലുള്ള തീർത്ഥാടകർക്ക് ഹജ്ജിന് പ്രാമുഖ്യമേകും. ഹജ്ജ് കമ്മിറ്റി മുഖേന നേരത്തെ ഹജ്ജ് ചെയ്തവരെ പരിഗണിക്കില്ല. എന്നാൽ ഇവർക്ക്, 70 വയസിന് മുകളിലുള്ളവർക്കും സ്ത്രീകൾക്കും ഒപ്പം കൂട്ടുപോവാം. അധിക ചാർജ്ജ് ഈടാക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റിൽ നിന്നും അപേക്ഷകൾ ലഭിക്കും.