കംഗാരുക്കൾക്കെതിരായ അങ്കം നാളെ തുടങ്ങുന്നു

Tuesday 07 February 2023 11:25 PM IST

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ നാഗ്പുരിൽ തുടക്കം

നാഗ്പുർ : നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നാഗ്പുരിൽ തുടക്കമാകുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ബോർഡർ- ഗാവസ്കർ ട്രോഫിക്ക് വേണ്ടി മാത്രമുള്ളതല്ല, ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനും ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തിനും വേണ്ടിയുള്ളതാണ്. അതിനാൽത്തന്നെ പരമ്പര മികച്ച മാർജിനിൽ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറെടുക്കുകയാണ് ഇരുടീമുകളും.

നേരത്തേതന്നെ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ടീം ബെംഗളുരുവിലാണ് ക്യാമ്പ് ചെയ്ത് പരിശീലനം നടത്തിയത്. കഴിഞ്ഞ രണ്ട് പരമ്പരകളിലും വിജയിച്ച ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ മെരുക്കുകയെന്ന വലിയ ദൗത്യമാണ് കംഗാരുക്കൾക്ക് മുന്നിലുള്ളത്. ഇന്ത്യൻ സ്പിന്നർമാരെ ഹോംഗ്രൗണ്ടിൽ മറികടക്കുക നിസാരകാര്യമല്ലെന്ന് പാറ്റ് കമ്മിൻസിനും കൂട്ടർക്കും തിരിച്ചറിവുള്ളതിനാൽ ബെംഗളുരുവിൽ സ്പിൻ പിച്ചുകളൊരുക്കിയാണ് അവർ പരിശീലനം നടത്തിയത്. ഏറ്റവും അപകടകാരിയായ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ.അശ്വിന്റെ ബൗളിംഗ് ആക്ഷനുള്ള മഹേഷ് പിത്തിയ എന്ന ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്ററെ ഓസീസ് ടീം ഒപ്പം കൂട്ടിയത് വാർത്താപ്രാധാന്യം നേടിയിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ടീമിലില്ലെങ്കിലും വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ,ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ,ചേതേശ്വർ പുജാര എന്നീ മികച്ച ബാറ്റർമാരുമായാണ് രോഹിത് ശർമ്മ പടയ്ക്ക് ഒരുങ്ങുന്നത്. അശ്വിൻ,ജഡേജ,അക്ഷർ എന്നീ മൂന്ന് സ്പിന്നർമാരും ബാറ്റർമാർ കൂടിയാണ്. സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരതും ടെസ്റ്റ് അരങ്ങേറ്റം പ്രതീക്ഷിച്ച് ടീമിലുണ്ട്. അവസരംകാത്ത് നാലാം സ്പിന്നറായി കുൽദീപ് യാദവുണ്ട്.ഷമി,സിറാജ്,ഉമേഷ്,ജയ്ദേവ് ഉനദ്കദ് എന്നിവരാണ് പേസർമാർ.

സ്റ്റീവൻ സ്മിത്ത്,ഉസ്മാൻ ഖ്വാജ,മാർനസ് ലാബുഷേയ്ൻ,വാർണർ തുടങ്ങിയവരാണ് പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസീസ് നിരയിലെ മുൻനിര ബാറ്റർമാർ. നഥാൻ ലയൺ,മിച്ചൽ സ്വെപ്സൺ,ടോഡ് മർഫി,മാറ്റ് റെൻഷാ എന്നിവരെയാണ് സ്പിൻഓപ്ഷനായി ഓസീസ് കരുതുന്നത്.

സ്പിൻ ഇന്ത്യ

അശ്വിന്റെ ഡ്യൂപ്പിനെതിരെ പരിശീലനം നേടിയതുകൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ഇന്ത്യൻ സ്പിൻ കോട്ടയെന്നാണ് ആതിഥേയർ കരുതുന്നത്. അശ്വിൻ,രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ എന്നിങ്ങനെ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ വിന്യസിക്കുക.

2001 മുതൽ ഇന്ത്യൻ മണ്ണിൽ നടന്ന 36 ടെസ്റ്റ് പരമ്പരകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് തോൽക്കേണ്ടിവന്നത്. 34 പരമ്പരകളിലെയും വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സ്പിന്നർമാരായിരുന്നു.

ഈ കാലയളവിൽ ടീം മൊത്തം വീഴ്ത്തിയ വിക്കറ്റുകളിൽ 68.75 ശതമാനം നേടിയത് സ്പിന്നർമാരാണ്. 101 മത്സരങ്ങളിൽനിന്ന് 1,195 വിക്കറ്റുകളാണ് സ്പിന്നർമാർ വീഴ്ത്തിയത്. അതിൽ തന്നെ 44 ശതമാനം വിക്കറ്റുകളും അശ്വിനും ജഡേജയും അക്ഷർ പട്ടേലും ചേർന്നാണ് വീഴ്ത്തിയത്.

312 വിക്കറ്റുകളാണ് അശ്വിൻ ഹോംഗ്രൗണ്ടുകളിൽ നേടിയിട്ടുള്ളത്. ജഡേജ 172 വിക്കറ്റുകളും. ഓസ്‌ട്രേലിയക്കെതിരായ നാട്ടിലെ കഴിഞ്ഞ രണ്ട് പരമ്പരകളിലെ എട്ട് മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റുകളാണ് അശ്വിനും ജഡേജയും പങ്കിട്ടെടുത്തത്.

പരമ്പര ഫിക്സ്ചർ

1.ഒന്നാം ടെസ്റ്റ്

ഫെബ്രുവരി 9-13

നാഗ്പുർ

2.രണ്ടാം ടെസ്റ്റ്

ഫെബ്രുവരി 17-21

ഡൽഹി

3.മൂന്നാം ടെസ്റ്റ്

മാർച്ച് 01-05

ധർമ്മശാല

4.നാലാം ടെസ്റ്റ്

മാർച്ച് 09-13

അഹമ്മദാബാദ്