മോപ് അപ് റൗണ്ട്: ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

Wednesday 08 February 2023 1:22 AM IST

ന്യൂ ഡൽഹി : എം.ബി.ബി.എസ് അടക്കം മെഡിക്കൽ കോഴ്സുകളിലേക്കുളള പ്രവേശനത്തിന് ദേ‌ശീയ മെഡിക്കൽ കമ്മിഷൻ കൊണ്ടുവന്ന മോപ് അപ് കൗൺസലിംഗ് വ്യവസ്ഥകൾ ചോദ്യം ചെയ്‌ത് കേരളത്തിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിനും കേരളത്തിനും അടക്കം സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

രണ്ട് റൗണ്ട് കൗൺസലിംഗ് പൂർത്തിയാക്കി പ്രവേശനം നേടിയ വിദ്യാർത്ഥി അതേ കോളേജിൽ പഠനം തുടരണമെന്ന വ്യവസ്ഥയെയാണ് ഹ‌ർജിയിൽ ചോദ്യം ചെയ്യുന്നത്. മോപ് അപ് റൗണ്ടിൽ പങ്കെടുത്ത് സർക്കാർ കോളേജുകളിൽ പ്രവേശനം നേടാനുളള അവസരം ഈ വ്യവസ്ഥ തടയുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട സാഹചര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി.ദേശീയ മെഡിക്കൽ കമ്മിഷന്റെ വ്യവസ്ഥ ദു:ഖസത്യമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വ്യവസ്ഥയിൽ മാറ്റം വരുത്തുമോയെന്ന് കമ്മിഷനടക്കം എതിർകക്ഷികളോട് ആരാഞ്ഞു. അടുത്ത തിങ്കളാഴ്‌ച ഹർജി വീണ്ടും പരിഗണിക്കും.