വൈഗ അഗ്രിഹാക്കത്തോൺ : രജിസ്‌ട്രേഷൻ ആരംഭിച്ചു

Wednesday 08 February 2023 12:42 AM IST

പത്തനംതിട്ട : കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന കാർഷികരംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് അഗ്രിഹാക്ക് 23.
അഗ്രിഹാക്കിൽ പങ്കെടുക്കുന്നവർക്ക് കാർഷികമേഖലയിലെ പ്രധാന പ്രശ്‌നങ്ങളിൽ ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാർഷിക സാങ്കേതിക വിദഗ്ദ്ധരുടെ പിന്തുണയോടെ പരിഹാരമാർഗങ്ങൾ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോൺ വഴി സൃഷ്ടിക്കുകയും, വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡുകളോടൊപ്പം കാർഷികമേഖലയിലെ സംരംഭകരായി ഉയർന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും.
36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്‌നപരിഹാര മത്സരത്തിൽ സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. മൂന്നു മുതൽ അഞ്ചു പേർ അടങ്ങുന്ന ടീമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 12 ന് മുമ്പായി അഗ്രിഹാക്ക് പോർട്ടൽ (www.vaigaagrihack.in) വഴി രജിസ്റ്റർ ചെയ്യേണ്ടതും, തെരഞ്ഞെടുത്ത പ്രശ്‌നങ്ങളുടെ പരിഹാരമാർഗങ്ങൾ സമർപ്പിക്കേണ്ടതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകൾക്ക് 25 മുതൽ 27 വരെ തിരുവനന്തപുരം, വെള്ളായണി കാർഷിക കോളജിൽ നടക്കുന്ന അഗ്രിഹാക്കിൽ പങ്കെടുക്കാൻ കഴിയും. ഫോൺ: 9383470061, 9383470025.

Advertisement
Advertisement