പഴയ കൊച്ചിൻ പാലത്തിന്റെ ചരിത്ര പ്രാധാന്യം; കേന്ദ്ര- സംസ്ഥാന പുരാവസ്തു വകുപ്പുകൾ രണ്ടുതട്ടിൽ
ഒറ്റപ്പാലം: ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്ന് കിടക്കുന്ന പഴയ കൊച്ചിൻ പാലത്തിന്റെ ചരിത്രപ്രാധാന്യവും സംരക്ഷണവും സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന പുരാവസ്തു വകുപ്പുകൾക്ക് വിരുദ്ധ നിലപാട്. സംസ്ഥാനത്തെ തന്നെ ആദ്യകാല റെയിൽ-റോഡ് പാലത്തിന് ചരിത്ര പ്രാധാന്യമില്ലെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് പറയുമ്പോൾ, ഉണ്ടെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് നിലപാട് വ്യക്തമാക്കുന്നു.
പാലം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നത്. സവിശേഷമായ പ്രത്യേകതകളോ നിർമ്മാണപരമോ പുരാവസ്തുപരമോ ആയ പ്രധാന്യമോ ഇല്ലെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പഴയ കൊച്ചിരാജ്യത്തിന്റെ പ്രാദേശികവും വൈകാരികവുമായ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതും കേരളത്തിലെ ആദ്യത്തെ റെയിൽവേ നിർമ്മിത പൈതൃകവുമായ പാലത്തിന് ബഹുമുഖ ചരിത്ര പ്രാധാന്യമുണ്ടെന്നാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് സ്മിത എസ്.കുമാർ നൽകിയ റിപ്പോർട്ടിൽ ഈ പാലം അതിന്റെ ആധികാരിക മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കുക എന്നത് കേരള സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കുന്നു.
പാലം പൈതൃക ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചരിത്രാന്വേഷിയും പൊതുപ്രവർത്തകനുമായ ബോബൻ മാട്ടുമന്ത നൽകിയ നിവേദനങ്ങളിലാണ് പുരാവസ്തു വകുപ്പുകളുടെ വിരുദ്ധ നിലപാട് വ്യക്തമായത്.
കൊച്ചി രാജ്യത്തിന്റെ കവാടം 1902ൽ മലബാറിനെയും തിരുകൊച്ചിയെയും ബന്ധിപ്പിച്ച് ബ്രിട്ടീഷ് റെയിൽവെ നിർമ്മിച്ച പാലമാണിത്. പഴയ കൊച്ചി രാജ്യത്തിന്റെ അതിർത്തിയിലെ കവാടമായിരുന്നു ഇവിടം. ആദ്യകാലത്ത് തീവണ്ടി ഗതാഗതത്തിനും വാഹന ഗതാഗതത്തിനും ഒരു പോലെ ഉപയോഗിച്ചു. പിന്നീട് തീവണ്ടി ഗതാഗതത്തിന് മാത്രമായി തൊട്ടടുത്ത് റെയിൽവെ പുതിയ പാലം നിർമ്മിച്ചതോടെ പഴയ കൊച്ചിൻ പാലം പൊതുമരാമത്ത് ഉടമസ്ഥതയിലായി. 2003 വരെ ഗതാഗതം തുടർന്നു. പുതിയ പാലം വന്നതോടെ കാലപ്പഴക്കത്താൽ ഉപേക്ഷിക്കപ്പെട്ട പഴയ പാലത്തിന്റെ മദ്ധ്യഭാഗം 2013ൽ പൊളിഞ്ഞ് പുഴയിലേക്ക് വീണു. ഇപ്പോൾ ബാക്കി ഭാഗവും അതീവ ദുർബലാവസ്ഥയിലാണ്. പാലം സംരക്ഷിണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പദ്ധതി പൊതുമരാമത്ത് വകുപ്പ് അടുത്തിടെ തള്ളിയിരുന്നു.