അടുത്ത പൊലീസ് മേധാവി പദ്മകുമാറോ , ദർവേഷോ?

Wednesday 08 February 2023 12:54 AM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 30ന് പടിയിറങ്ങാനിരിക്കെ, പിൻഗാമിയെ കണ്ടെത്താൻ നടപടി തുടങ്ങി. പൊലീസ് മേധാവിയാവാൻ താത്പര്യമുള്ള സീനിയർ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരം പൊലീസ് ആസ്ഥാനം തയ്യാറാക്കി. ഇത് പൊതുഭരണ വകുപ്പ് വഴി കേന്ദ്ര സർക്കാരിന് കൈമാറും. നിലവിലെ മേധാവി വിരമിക്കുന്നതിന് 3 മാസം മുൻപ് പട്ടിക കേന്ദ്രത്തിലെത്തണം.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്കാണ് സാദ്ധ്യത. പദ്മകുമാറിന് 2025 ഏപ്രിൽ വരെയും ഷേഖ് ദർവേഷിന് 2024 ജൂലായ് വരെയും കാലാവധിയുണ്ട്. സി.ആർ.പി.എഫിൽ അഡി.ഡയറക്ടറായ നിതിൻ അഗർവാൾ പദ്മകുമാറിനേക്കാൾ സീനിയറാണെങ്കിലും, കേന്ദ്രത്തിൽ ഡി.ജി.പിയായി ഉടൻ എംപാനൽ ചെയ്യപ്പെട്ടാൽ അദ്ദേഹത്തിന് സി.ആർ.പി.എഫിന്റെയോ, ബി.എസ്.എഫിന്റെയോ മേധാവിയാകാം.

30 വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയാവാൻ പരിഗണിക്കുക. യോഗ്യരായ 8 പേരുണ്ട്. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ്സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി ഇതിൽ നിന്ന് മൂന്നംഗ അന്തിമ പാനൽ തയ്യാറാക്കി നിയമനത്തിനായി കൈമാറും. ഇതിൽ നിന്ന് സംസ്ഥാന സർക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്. നിയമിക്കപ്പെടുന്നവരെ രണ്ടു വർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രണ്ടു വർഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്.

ഇന്റലിജൻസ് ബ്യൂറോയിലുള്ള ഹരിനാഥ്മിശ്രയ്ക്ക് 2025 ജൂലായ് വരെയും ,രവാഡാ ചന്ദ്രശേഖറിന് 2026 ജൂലായ് വരെയും സർവീസുണ്ടെങ്കിലും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് ഇരുവരും കഴിഞ്ഞ തവണ സർക്കാരിനെ അറിയിച്ചിരുന്നു. അന്തിമ പാനലിൽ ഉൾപ്പെട്ടാൽ, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാറിനും സാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള അദ്ദേഹത്തിന് 2025 ആഗസ്റ്റ് വരെ കാലാവധിയുണ്ട്.

ഡി.ജി.പിയാവാൻ

യോഗ്യർ

നിതിൻ അഗർവാൾ,കെ.പദ്മകുമാർ,ഷേഖ് ദർവേഷ് സാഹിബ്,ഹരിനാഥ് മിശ്ര,രവാഡാ ചന്ദ്രശേഖർ,സഞ്ജീബ് കുമാർ പട്ജോഷി,ടി.കെ.വിനോദ്കുമാർ, യോഗേഷ് ഗുപ്ത

5 ഡി.ജി.പിമാർ

വിരമിക്കുന്നു

അനിൽകാന്തടക്കം 5 ഡി.ജി.പിമാരാണ് വരുന്ന മാസങ്ങളിൽ വിരമിക്കുന്നത്. ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും മേയിലും അനിൽകാന്ത് ജൂണിലും ടോമിൻ തച്ചങ്കരി ജൂലായിലും വിരമിക്കും. കേരള കേഡറിലെ സീനിയറും, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി മേധാവിയുമായ അരുൺകുമാർ സിൻഹ മേയിൽ വിരമിക്കും. അഡി.ഡി.ജി.പിമാരായ കെ.പദ്മകുമാർ, ഷേഖ് ദർവേഷ്, സഞ്ജീബ്കുമാർ പട്ജോഷി, ടി.കെ.വിനോദ്കുമാർ എന്നിവർക്ക് ഡി.ജി.പി റാങ്ക് ലഭിക്കും.

Advertisement
Advertisement