നെടുംപച്ചയിൽ ബൈക്ക് യാത്രക്കാരെ കാട്ടാന ഓടിച്ചു

Wednesday 08 February 2023 12:13 AM IST
നെടുംപച്ചയിൽ ഇറങ്ങിയ ഒറ്റയാൻ

പുനലൂർ: തെന്മല പഞ്ചായത്തിലെ നെടുംപച്ചയിൽ കാട്ടാനയുടെ അക്രമണത്തിൽ നിന്ന് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും രക്ഷപ്പെട്ടു. ചിറ്റാലംകോട് അനന്ദുഭവനിൽ അജി, വിദ്യാർത്ഥിയായ ജിത്തു എന്നിവരെയാണ് ഒറ്റയാൻ ഓടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെ വെള്ളിമല-ആനപെട്ടകോങ്കൽ റോഡിലെ നെടുംപച്ച ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം. ചിറ്റാലംകോട്ട് നിന്ന് ആനപെട്ടകോങ്കലിലെ 3 കണ്ണറയിലെ കടയിൽ വീട്ട് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു അവർ. പാതയോരത്തെ കാട്ടിൽ മറഞ്ഞ് നിന്ന കാട്ടാന ബൈക്ക് യാത്രക്കാർ കടന്നുപോകുന്നത് കണ്ട് ചിന്നം വിളിച്ച് പുറകെ പിന്തുടർന്നെങ്കിലും ഒറ്റയാനെ കണ്ട യാത്രക്കാർ വാഹനം വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഒറ്റയാനെ ബഹളം വച്ച് കാട്ടിൽ കയറ്റി വിട്ടു.