ഇനിയുമുണ്ട് 200 വായ്‌പാ ആപ്പുകൾ, തലവച്ചാൽ കുടുങ്ങും, പൂട്ടിക്കാൻ പൊലീസ് ശുപാർശ നൽകും

Wednesday 08 February 2023 12:14 AM IST

 പരാതികളിൽ കേസ് തുടരും


തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് പണം നൽകി ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും ഇവയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽപ്പെട്ടവരുടെ പരാതികളിലെടുത്ത കേസുകളിൽ നടപടി തുടരുമെന്ന് പൊലീസ്. 400ലേറെ വായ്പാ ആപ്പുകളാണുണ്ടായിരുന്നത്. ശേഷിക്കുന്ന 200ഓളം ആപ്പുകൾ പൂട്ടിക്കാൻ കേന്ദ്രത്തിന് പൊലീസ് ശുപാർശ നൽകും. വായ്പാ ആപ്പുകൾക്കെതിരെ കേരളത്തിൽ 93 പരാതികളിലായി 20 കേസുകളുണ്ട്. വിവരങ്ങൾ ലഭിക്കാനുള്ള കാലതാമസം കാരണമാണ് കേസുകൾ ഇഴയുന്നത്.

വായ്പാ തട്ടിപ്പുമായി ബന്ധമുള്ള 3 ചൈനക്കാർ നേരത്തേ ഹൈദരാബാദിൽ അറസ്റ്റിലായിരുന്നു. റിസർവ് ബാങ്കിന്റെ നിയന്ത്റണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമുൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേരളം കേന്ദ്രമാക്കി ആപ്ലിക്കേഷനുകളില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ അവരുടെ നിബന്ധനകൾ അംഗീകരിച്ചേ മുന്നോട്ടുപോകാനാവൂ. തുടക്കത്തിലേ ഫോണിലെ കോൺടാക്ട് ലിസ്​റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പിന് കടന്നുകയറാം. വായ്പയ്ക്ക് അപേക്ഷിച്ചാൽ ഫോണിലെ ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ-പാൻനമ്പർ, ഒപ്പിന്റെ ഫോട്ടോ ഇത്രയും വിഡിയോകോളിൽ കാണിച്ചാൽ അപേക്ഷകന്റെ തിരിച്ചറിയൽ (കെ.വൈ.സി) പൂർത്തിയായി. പിന്നാലെ വായ്പയും റെഡി. തിരിച്ചടവ് മുടങ്ങിയാൽ ഇവയുപയോഗിച്ച് സൈബർ ഗുണ്ടായിസം തുടങ്ങും.

ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ കളിക്കാൻ മൊബൈൽ ആപ്പുകൾ വഴി കൊള്ളപ്പലിശയ്‌ക്ക് വായ്പനൽകിയും ആളുകളെ കുടുക്കുന്നുണ്ട്. ഒടുവിൽ ദുരന്തമാവും കാത്തിരിക്കുക. ഒരുലക്ഷം വായ്പയെടുത്ത് മൂന്നരലക്ഷം അടച്ചിട്ടും കടം തീരാത്തവരുണ്ട്.

ബന്ധുക്കളെയും വിടില്ല

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം കോൺടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം അയയ്ക്കും.

സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കി വായ്പയെടുത്തെന്ന സന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.

വായ്പയെടുത്ത ആളുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ഡിഫോൾട്ടർ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയും സന്ദേശങ്ങളയയ്ക്കും.

ബന്ധുക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീലച്ചുവയോടെ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങും.

 തിരിച്ചടച്ചു തീർത്താലും തുക ബാക്കിയുണ്ടെന്ന് ഭീഷണിപ്പെടുത്തും.

30%

പ്രോസസിംഗ് ഫീസ് മുൻകൂട്ടിയീടാക്കിയാണ് വായ്പനൽകുക

36%

പലിശയാണ് ആപ്ലിക്കേഷനുകൾ ഈടാക്കുന്നത്

''ജനങ്ങളെ ചതിക്കുഴിയിൽപ്പെടുത്തുന്ന വായ്പാ ആപ്പുകളെ നിയന്ത്റിക്കാൻ പുതിയ നിയമം വേണോയെന്ന് പരിശോധിക്കും.

-പിണറായി വിജയൻ

മുഖ്യമന്ത്രി

Advertisement
Advertisement