വിദ്യാർത്ഥികളുടെ ആശയങ്ങൾ തേടി മുഖ്യമന്ത്രിയെത്തും
Wednesday 08 February 2023 12:14 AM IST
കൊച്ചി: അസാപ് കേരള സംഘടിപ്പിക്കുന്ന മൂന്നാമത് പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഉച്ചകോടിയുടെ ഭാഗമായി പുതിയ ആശയങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദിവസം വിദ്യാർത്ഥികൾക്കൊപ്പം ചെലവിടും. 11ന് അങ്കമാലിയിൽ ഉച്ചകോടി ഉദ്ഘാടനം ചെയ്തശേഷം വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കും. 400 ലേറെ കോളേജുകളിൽ നിന്നായി 2000ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും.
അക്കാഡമിക് പഠനത്തോടൊപ്പം തൊഴിൽനൈപുണ്യം നേടാനും സംരംഭകരാകാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. രാജ്യത്തെ പ്രമുഖ വ്യവസായ, കോർപ്പറേറ്റ് വ്യക്തിത്വങ്ങളും പങ്കെടുക്കും. ഭാരത് ബയോടെക് എക്‌സിക്യുട്ടീവ് ചെയർമാനും ശാസ്ത്രജ്ഞനുമായ ഡോ. കൃഷ്ണ എല്ലയാണ് മുഖ്യാതിഥി.