ബഡ്ജറ്റ് അവഗണന: കുന്നത്തൂരിൽ വികസനം കിട്ടാക്കനിയെന്ന് ആർ.വൈ.എഫ്
കുന്നത്തൂർ : കുന്നത്തൂരിൽ വികസനം കിട്ടാക്കനിയായെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആരോപിച്ചു. മുൻകാല ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചവയെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമായി. മുഖ്യമന്ത്രി പിണറായി വിജയൻ 2016 ൽ മൺട്രോതുരുത്തിൽ നേരിട്ടെത്തി പ്രഖ്യാപിച്ച മൺട്രോതുരുത്ത് വികസന പാക്കേജ് ജലരേഖയായി. ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിനായി ഈ ബഡ്ജറ്റിൽ ഒരു ലക്ഷം രൂപ മാത്രമാണ് ടോക്കൺ അഡ്വാൻസെന്ന പേരിൽ പ്രതിപാദിച്ചിട്ടുള്ളത്.ശുദ്ധജല തടാക സംരക്ഷണത്തിന് പ്രഖ്യാപനങ്ങളല്ലാതെ യാതൊരു നടപടിയുമില്ല.വിദ്ധ്യാഭ്യാസ - കാർഷിക മേഖലയ്ക്കും യാതൊന്നുമില്ല.താലൂക്കാസ്ഥാനമായ ശാസ്താംകോട്ടയിൽ ഇരുപത്തിമൂന്നോളം സർക്കാർ ഓഫീസുകൾ സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. റവന്യൂ ടവർ എന്നത് തിരഞ്ഞെടുപ്പ് കാലത്തെ ഗീർവാവാണമാണെന്നും സമീപ മണ്ഡലങ്ങളിലെ വികസന മുന്നേറ്റങ്ങൾ കുന്നത്തൂർ ജനത തിരിച്ചറിയണമെന്നും ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.