ഡോക്ടറുടെ സീൽ മോഷ്ടിച്ച് മയക്കുമരുന്ന് കുറിപ്പടി; രണ്ടു യുവാക്കൾ പിടിയിൽ, ചികിത്സയ്ക്കെത്തിയ  സെയ്ദാലി മോഷ്ടാവായി, വാങ്ങിക്കൂട്ടിയത് ലഹരിപകരുന്ന ന്യുറോ ടാബ്‌ലറ്റ്   

Wednesday 08 February 2023 12:31 AM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗത്തിൽ നിന്നു ഡോക്ടറുടെ പേര് ഉൾപ്പെടുന്ന സീൽ അടിച്ചുമാറ്റി വ്യാജ കുറിപ്പടികൾ തയ്യാറാക്കി മയക്കുമരുന്നുകൾ വാങ്ങി കച്ചവടം നടത്തിയ രണ്ടുപേർ പിടിയിൽ. കൊല്ലം ഇരവിപുരം കൊടിയിൽ തെക്കതിൽ സനോജ് (37), കൊല്ലം കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ സെയ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ റസിഡന്റായ ഡോ. മിഥുൻ മോഹന്റെ സീൽ ആറുമാസം മുമ്പാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സീൽ നഷ്ടപ്പെട്ടതായി ഡോക്ടർ അറിഞ്ഞത്. ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ ലഭിച്ച കുറിപ്പടികണ്ട് സംശയം തോന്നിയ ജീവനക്കാർ ഡോക്ടർ മിഥുനെ വിളിച്ചതാണ് വഴിത്തിരിവായത്. വിഡ്രോവൽ സിൻഡ്രോം ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിയിരുന്ന സെയ്ദാലിയാണ് ഡോക്ടറുടെ സീൽ മോഷ്ടിച്ചത്. സർജറി ഒ.പിയിലെത്തിയ സെയ്ദാലി ഡോക്ടറുടെ നീക്കം ശ്രദ്ധിച്ചശേഷം അദ്ദേഹം പരിശോധനാമുറിക്ക് പുറത്തേക്കുപോയ തക്കംനോക്കി മേശപ്പുറത്തിരുന്ന സീൽ കൈക്കലാക്കുകയായിരുന്നു.

സെയ്ദാലിയുടെ ഒ.പി ടിക്കറ്റിൽ വീര്യം കൂടിയ മയക്കുമരുന്നിനു സമാനമായ ന്യുറോ മരുന്ന് എഴുതിയിരുന്നു. അതു പകർത്തി ഡോക്ടറുടെ സീൽ പതിപ്പിക്കും. ഓരോതവണയും ഓരോപെട്ടി മരുന്നാണ് വാങ്ങിയിരുന്നത്.

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്ന പലരുടെയും ഒ.പി ടിക്കറ്റ് കൈവശപ്പെടുത്തുന്ന സനോജ് അത് സെയ്ദാലിക്ക് എത്തിച്ചുനൽകും. തുടർന്ന് ഇരുവരും ചേർന്ന് അതിൽ മയക്കുമരുന്നിന്റെ പേര് എഴുതി സീൽ പതിക്കും. കഴിഞ്ഞ ആഴ്ച കൊല്ലത്തെ മെഡിക്കൽ സ്റ്റോറിൽ ഒ.പി ടിക്കറ്റുമായി സനോജാണ് എത്തിയത്. സംശയം തോന്നിയ ജീവനക്കാർ മരുന്ന് സ്റ്റോക്കില്ലെന്നും നാളെ എടുത്തുവയ്ക്കാമെന്നും പറഞ്ഞു. അതിനിടെ മെഡിക്കൽ സ്റ്റോറുകാർ ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടർ പൊലീസിനെ അറിയിച്ചതോടെ മെഡിക്കൽ കോളേജ് പൊലീസ് സംഘം കൊല്ലത്ത് എത്തി. പിറ്റേദിവസം സനോജ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

മോഷണം പോയ സീലും പഴയ ഒ.പി ടിക്കറ്റുകളും പ്രതികളിൽ നിന്നു കണ്ടെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ പി. ഹരിലാലിന്റ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രശാന്ത്,സി.പി. ലഞ്ചുലാൽ,​ സീനിയ സി.പി.ഒമാരായ ബിമൽ മിത്ര, ബിജു,​ സി.പി.ഒമാരായ രതീഷ്, രാജീവ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നേരത്തെ വിദ്യാർത്ഥി സംഘം

2011-12 കാലത്തും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സീൽ തട്ടിയെടുത്ത് വൻതോതിൽ മയക്കുമരുന്ന് വാങ്ങിയിരുന്നു. അന്ന് ഒരുകൂട്ടം വിദ്യാർത്ഥികളെയാണ് പിടികൂടിയത്. സ്കിൻ,​അനസ്ത്യേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സീലാണ് ഉപയോഗിച്ചത്. മെഡിക്കൽ കോളേജ് വളപ്പിലെ ഡ്രഗ് ബാങ്കിൽ മരുന്ന് വാങ്ങാനെത്തിയപ്പോഴാണ് പിടിവീണത്. പൊലീസ് അന്വേഷണം എത്തിയത് ഒരു എൻജിനിയറിംഗ് കോളേജിലായിരുന്നു. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്.

Advertisement
Advertisement