വെള്ളക്കരം പ്രഖ്യാപനം: മന്ത്രി റോഷിക്കെതിരെ സ്പീക്കറുടെ റൂളിംഗ്

Wednesday 08 February 2023 12:43 AM IST

തിരുവനന്തപുരം: നിയമസഭ സമ്മേളിക്കവേ, വെള്ളക്കരം കൂട്ടി ഉത്തരവിറക്കിയ മന്ത്രി റോഷി അഗസ്റ്രിനെതിരെ സ്പീക്കർ എ.എൻ.ഷംസീറിന്റെ റൂളിംഗ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ സഭാ സമ്മേളനകാലത്ത് സഭയിൽ തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കവും ഉത്തമ മാതൃകയും. മുൻകാലങ്ങളിൽ റൂളിംഗുകളുമുണ്ട്. വെള്ളക്കരം വർദ്ധന ഭരണപരമായ കാര്യമാണെങ്കിലും, സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്ന തീരുമാനമായതിനാൽ സഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായ മാതൃകയാവുമായിരുന്നു. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ റൂളിംഗ് നൽകി.

സഭാ സമ്മേളനം നടക്കവേ സഭയെ അറിയിക്കാതെ വെള്ളക്കരം വർദ്ധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത് നിയമസഭയോടുള്ള അനാദരാവാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി. അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. വെള്ളക്കരം വർദ്ധിപ്പിച്ച തീരുമാനം ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങളുടെ തുടർച്ചയായി എടുത്തതാണെന്നും നയപരമായ തീരുമാനത്തിന്റെ ഭാഗമായി വന്നതല്ലെന്നും അതിനാലാണ് സഭയിൽ പ്രഖ്യാപിക്കാതിരുന്നതെന്നും മന്ത്രി റോഷി അഗസ്റ്രിൻ വിശദീകരിച്ചു.

Advertisement
Advertisement