കെ. പ്രഭാകരന് ഡോ. എൻ.എ. കരീം പുരസ്കാരം
Wednesday 08 February 2023 12:51 AM IST
തിരുവനന്തപുരം: ഡോ.എൻ.എ. കരിം ഫൗണ്ടേഷൻ നല്കുന്ന ഏഴാമത് എൻ.എ. കരീം സ്മാരക പുരസ്കാരത്തിന് പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ. പ്രഭാകരൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഫൗണ്ടേഷൻ ചെയർമാൻ ഇ.എം.നജീബ്, എ. സുഹൈർ, ഡോ.കായംകുളം യൂനുസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മുൻ എം.പി യും മാതൃഭൂമി പത്രാധിപരുമായിരുന്ന പി.നാരായണൻ നായരുടെ മകനാണ് കെ. പ്രഭാകരൻ. മാതൃഭൂമിയുടെ മുൻ ഡെപ്യൂട്ടി എഡിറ്ററും ജനയുഗം, നവയുഗം എന്നിവയുടെ മുൻ പത്രാധിപരുമാണ്. ലക്ഷ്മിയാണ് ഭാര്യ. നാരായണൻ കുട്ടി, പ്രൊഫ. ആശാ പ്രഭാകരൻ എന്നിവർ മക്കളും സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, ചന്ദ്രലേഖ എന്നിവർ മരുമക്കളുമാണ്.