സന്മാർഗദായിനിയിൽ സപ്തതി ആഘോഷങ്ങൾക്ക് സമാപനം

Wednesday 08 February 2023 12:57 AM IST

കടയ്ക്കൽ: ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ സപ്തതി ആഘോഷങ്ങൾക്ക് സാംസ്കാരിക സമ്മേളനത്തോടുകൂടി സമാപനമായി. ഗാന രചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ അദ്ധ്യക്ഷനായി. മജീഷ്യൻ ഷാജു കടക്കൽ, കവിയും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ബാബു നരേന്ദ്രൻ, സി.ആർ.ജോസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്ന് നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത കലോത്സവം സപ്തതി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. കലോത്സവ വിജയികൾക്കും ഓവറാൾ സ്ഥാനം നേടിയ സ്കൂളുകൾക്കുമുള്ള പുരസ്കാരം സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. വ്യത്യസ്തമാർന്ന എഴുപതിലധികം പരിപാടികളാണ് കഴിഞ്ഞവർഷം ഗ്രന്ഥശാല സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റെടുത്തത്. എൻ വേലപ്പൻ സ്മാരക വായന മത്സരം, പെൺ വായന മത്സരം, കാർഷിക സെമിനാറുകൾ, ലഹരി വിമോചന സെമിനാറുകൾ, പ്രതിഭാ പുരസ്കാര സായാഹ്നങ്ങൾ, ഗ്രന്ഥശാല പ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ തുടങ്ങിയ പരുപാടികൾക്കൊടുവിലാണ് സപ്തതി ആഘോഷം സമാപിക്കുന്നത്. സാംസ്കാരിക സമ്മേളനത്തിനൊടുവിൽ കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന എന്ന ജനപ്രിയ നാടകത്തോടെ ഈ വർഷത്തെ വർഷികാഘോഷങ്ങൾക്ക് സമാപനം കുറിച്ചു. തുടർച്ചയായി 60 വർഷം ഗ്രന്ഥശാല പ്രസിഡന്റായി പ്രവർത്തിച്ച എസ്.സുകുമാരന്റെ മരണം മൂലം ജനുവരി 28 ന് തുടങ്ങാനിരുന്ന വാർഷികാഘോഷം ഫെബ്രുവരി മുതലാണ് ആരംഭിച്ചത്. സപ്തതി സമാപന പരിപാടികകളിൽ സഹകരിച്ചവ‌ർക്ക് സെക്രട്ടറി ജി.എസ്.പ്രിജിലാൽ നന്ദി അറിയിച്ചു.