ഉത്സവ കെട്ടുകാഴ്ചകൾ സുരക്ഷ പാലിക്കണം
കൊല്ലം: ആരാധനാലയങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് ഫ്‌ളോട്ടുകൾ, കെട്ടുകാഴ്ചകൾ എന്നിവ എഴുന്നെള്ളിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ഹൈഡ്രോളിക് ഫ്‌ളോട്ട് കഴിവതും ഒഴിവാക്കണം. ഉത്സവാഘോഷം സംബന്ധിച്ച വിശദാംശങ്ങൾ സെക്ഷൻ ഓഫീസുകളിൽ ഏഴ് ദിവസം മുമ്പ് അറിയിക്കണം. വൈദ്യുതി തടസത്തിനുള്ള സാഹചര്യം ഒഴിവാക്കണം. എഴുന്നള്ളത്ത്/കെട്ടുകാഴ്ച സമയക്രമം കൃത്യമായി പാലിക്കണം. വകുപ്പിലെ ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കെട്ടുകാഴ്ച/ എഴുന്നെള്ളിക്കാവൂ. അനുമതി ലഭ്യമാകാത്ത ഭാഗങ്ങളിലൂടെ ഘോഷയാത്ര നടത്തരുത്. നൂറോ അതിലധികമോ ആൾക്കാർ കൂടുന്ന സ്ഥലങ്ങളിൽ 250 വോൾട്ടിലധികം വൈദ്യുതി ഉപയോഗിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്ററിൽ നിന്നോ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നോ അനുമതി വാങ്ങണം. വൈദ്യുതിബന്ധം വിച്ഛേദിക്കേണ്ട സ്ഥലങ്ങളുടെ വിശദാംശങ്ങൾ ഒരാഴ്ച മുമ്പ് ഇലക്ട്രിക്കൽ സെക്ഷനുകളിൽ അറിയിക്കണം. രാത്രി 8ന് ശേഷം വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയിലാകണം ഘോഷയാത്ര നടത്തേണ്ടതെന്നും കൊല്ലം ഡിവിഷൻ എക്‌സി. എൻജിനിയർ അറിയിച്ചു.