നൂറു ലിറ്റർ വെള്ളം കുടുംബത്തിനല്ല, ഒരാൾക്കെന്ന് മന്ത്രി

Wednesday 08 February 2023 1:33 AM IST

തിരുവനന്തപുരം: ഒരു കുടുംബത്തിന് ദിവസം നൂറുലിറ്റർ ശുദ്ധജലം മതിയെന്ന് മന്ത്രി പറഞ്ഞതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായതോടെ, വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ഒരാളിന് 100ലിറ്രർ എന്ന നിലയിൽ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റർ വെള്ളം മതിയാവില്ലേ എന്നാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി സമൂഹമാദ്ധ്യമത്തിൽ വിശദീകരിച്ചു.

ഒരാൾക്ക് 100 ലിറ്റർ എന്ന കണക്കിൽ ബി.പി.എൽ കുടുംബത്തിന് മാസം 15,000 ലിറ്റർ വെള്ളം സൗജന്യമായി നൽകുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭയിൽ മന്ത്രി പറഞ്ഞത് :- '' ഒരു കുടുംബത്തിന്റെ പ്രതിദിന ജല ഉപയോഗം 500 ലിറ്റർ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 15,000 ലിറ്റർ വെള്ളമാണു പ്രതിമാസം ഉപയോഗിക്കുന്നത്. 15,000 ലിറ്റർ വരെ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതൽ കൂടിയാണ്.''