നികുതി വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, തിരുവനന്തപുരത്ത് കാർ കെട്ടിവലിച്ച് മഹിളാ കോൺഗ്രസ്
തിരുവനന്തപുരം: നികുതി വർദ്ധനവിനെതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പത്തനംതിട്ടയിലും എറണാകുളത്തും മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും തകർക്കുകയും ചെയ്തു. ഇന്നലെ കോൺഗ്രസ് നടത്തിയ മാർച്ച് പലയിടങ്ങളിലും സംഘർഷത്തിലും വാക്കേറ്റത്തിലും കലാശിച്ചതിന് പിന്നാലെയാണ് ഇന്ധന നികുതി ഉൾപ്പെടെയുള്ളവയുടെ വർദ്ധനവിനെതിരായി യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
എറണാകുളത്ത് പ്രതിഷേധത്തിനിടെ പ്രവർത്തകർ വെള്ളം നിറച്ച കുപ്പികളും മരകൊമ്പുകളും പൊലീസിന് നേരെ എറിഞ്ഞു. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകർ നിലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയും പിന്നാലെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇതിനിടെ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ശ്രമമുണ്ടായി. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിനിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നിയമസഭയിലേയ്ക്ക് കാർ കെട്ടിവലിച്ചാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചത്.