ജില്ലാ ആശുപത്രി വികസനത്തിന് 127.15 കോടി

Thursday 09 February 2023 12:59 AM IST

പാലക്കാട്: ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബിയിലുൾപ്പെടുത്തി 127.15 കോടിയുടെ ഭരണാനുമതി. അഞ്ച് നിലകളിലായി നിർമ്മിക്കുന്ന പുതിയെ കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് 98.89 കോടിയുടെ സാമ്പത്തിക അനുമതിയായി.

പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങൾക്ക് മികച്ച സേവനം ലഭിക്കും. കിഫ്ബി സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് ഇൻഫ്രാടെക് സർവീസസിനാണ് നിർമാണ ചുമതല.

2021 ജൂലൈയിൽ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരം സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് ഇവ പൊളിച്ചുനീക്കി. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് അത്യാധുനിക കെട്ടിടം ഉയരുക. മെഡിക്കൽ സ്പെഷ്യാലിറ്റി, സർജിക്കൽ സ്പെഷ്യാലിറ്റി എന്നിവ ഇവിടെ പ്രവർത്തിക്കും. ഭൂമിക്കടിയിലെ നിലയിൽ റേഡിയോളജി വിഭാഗം പ്രവർത്തിക്കും. താഴത്തെ നില, ഒന്നാംനില എന്നിവിടങ്ങളിൽ ഒ.പിയും രണ്ടും മൂന്നും നിലയിൽ വാർഡും ഐ.സി.യു.വുമാണ്. നാലാം നിലയിൽ അഞ്ച് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേഷൻ, പ്രീ-ഓപ്പറേഷൻ ഐ.സി.യു എന്നിവ സജ്ജമാക്കും. 240 കിടക്കകളുള്ള വാർഡ്, ഐ.സി.യു, നിരീക്ഷണ ഐ.സി.യു (സ്റ്റെപ്പ് ഡൗൺ ഐ.സി.യു) എന്നിവയിൽ 48 കിടക്കകളും റിക്കവറി, പോസ്റ്റ് ഓപ്പറേഷൻ, പ്രീ-ഓപ്പറേഷൻ എന്നിവയിൽ 59 കിടക്കയും ഒരുക്കും. കെട്ടിട നിർമ്മാണത്തിന് 64.11 കോടിയും അനുബന്ധ പ്രവർത്തനത്തിന് 4.21കോടി, പ്ലംബിംഗ്- 6.68 കോടി, വൈദ്യുതീകരണം- 9.29 കോടി, ലിഫ്റ്റ്- 2.13 കോടി, എയർ കണ്ടീഷൻ- 1.62 കോടി, സബ് സ്റ്റേഷൻ- 8.29 കോടി, വാട്ടർ ടാങ്ക്- 1.08 കോടി, മറ്റ് വികസന പ്രവർത്തനം- 1.61 കോടി, സർവീസ് കെട്ടിടം- 70 ലക്ഷം, മെഡിക്കൽ ഉപകരണം,​ ഫർണിച്ചർ- 27.43 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

നിർമ്മാണം നടക്കുമ്പോൾ ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മേയിൽ പ്രവൃത്തി ആരംഭിക്കും.

-കെ.ബിനുമോൾ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.