ആനത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

Thursday 09 February 2023 5:19 PM IST

മൂവാറ്റുപുഴ: ആനത്തൊഴിലാളികളുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കാൻ മൂവാറ്റുപുഴയിൽ ചേർന്ന കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ, അഖില കേരള ആനത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തൊഴിലാളികളുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള വേതനമാണ് വർദ്ധിപ്പിച്ചത്.

ആന എഴുന്നുള്ളിപ്പിന് ക്ഷേത്ര കമ്മിറ്റി നൽകിവരുന്ന ഉത്സവബത്ത 4000 രൂപയിൽ നിന്ന് 5000 രൂപയാക്കും. ആന ഉടമകൾ നിലവിൽ നൽകി വരുന്ന എഴുന്നുള്ളിപ്പ് ശമ്പളമായ 1250 രൂപ1600 രൂപയാക്കും. മറ്റ് ദിവസങ്ങളിൽ ശമ്പളം 1500 രൂപ. മദപ്പാട് സമയത്ത് രണ്ട് തൊഴിലാളികൾക്കായി 1600 രൂപ നൽകും. ഒരു തൊഴിലാളി മാത്രമാണെങ്കിൽ 950 രൂപ നൽകും. പാപ്പാൻമാർക്ക് കുറഞ്ഞ ഇൻഷ്വറൻസ് 10 ലക്ഷം രൂപയായി ഉടമ ഉറപ്പ് വരുത്തണം. ഓണം ബോണസായി ഒരു മാസത്തെ ശമ്പളം നൽകണം. ഒന്നാം പാപ്പാന് 13000 രൂപയും രണ്ടാം പാപ്പാന് 10750 രൂപയും മൂന്നാം പാപ്പാന് 8750 രൂപയുമാണിത്. എല്ലാ തൊഴിലാളികൾക്കും വർഷത്തിൽ ഒരു തവണ രണ്ട് കാവി മുണ്ടും രണ്ട് തോർത്തും നൽകണം.

ഫെഡറേഷൻ ഭാരവാഹികളായ ഹരിപ്രസാദ്.വി.നായർ, അൻസാരി വി.എം, സ്കറിയ കെ.എം, യൂണിയൻ ഭാരവാഹികളായ മുൻ എം.എൽ.എ ബാബു പോൾ, അഡ്വ.സി.കെ ജോർജ്, മനോജ് അയ്യപ്പൻ എന്നിവർ പങ്കെടുത്തു.