സമുദ്രജലകൃഷിക്ക് 146 കേന്ദ്രങ്ങൾ: ലക്ഷ്യം 21.3 ലക്ഷം ടൺ മത്സ്യം

Thursday 09 February 2023 1:07 AM IST
സി.എം.എഫ്,ആർ.ഐയിൽ വിന്റർ സ്‌കൂളിന്റെ ഉദ്ഘാടനം കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ കുൽദീപ് കെ ലാൽ നിർവഹിക്കുന്നു

കൊച്ചി: സമുദ്രജലകൃഷി (മാരികൾച്ചർ) ജനകീയമാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) അനുയോജ്യമായ 146 സ്ഥലങ്ങൾ കണ്ടെത്തി. ഇവയിൽ നാലെണ്ണം കേരളത്തിലാണ്. തീരദേശജനതയുടെ വരുമാനവർദ്ധനവ് ലക്ഷ്യമിട്ടാണ് പദ്ധതി വിപുലീകരിക്കുന്നത്.

തീരത്ത് നിന്ന് 10 കിലോമീറ്റർ കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ലക്ഷ്യമിടുന്നതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോത്പാദനമാണ് ലക്ഷ്യമിടുന്നത്. മാരികൾച്ചർ സാങ്കേതികവിദ്യകൾ ഗവേഷകരെ പരിചയപ്പെടുത്താൻ ആരംഭിച്ച വിന്റർ സ്‌കൂളിന്റെ ഉദ്ഘാടനത്തിലാണ് ഡോ. ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചത്.

ആറ് മീറ്റർ വിസ്തീർണമുള്ള ഒരു കൂടിൽ നിന്ന് എട്ടു മാസം കൊണ്ട് മൂന്ന് ടൺ മീനുകളെ ഉത്പാദിപ്പിക്കാം. കൃഷി ചെയ്യുന്ന മീനുകൾക്കനുസരിച്ച് ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ കർഷകർക്ക് വരുമാനമുണ്ടാക്കാം.

40 മുതൽ 80 ലക്ഷം ടൺ വരെ ഉത്പാദനമാണ് ഇന്ത്യയിൽ മാരികൾച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഒരു ലക്ഷം ടണ്ണിൽ താഴെയാണ് നിലവിലെ ഉത്പാദനം.

കേന്ദ്ര ഓരുജലമത്സ്യകൃഷി ഗവേഷണ സ്ഥാപനം (സിബ) ഡയറക്ടർ ഡോ. കുൽദീപ് കെ. ലാൽ വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടർ ഡോ. ഇമെൽഡ ജോസഫ്, ഡോ. വി.വി.ആർ. സുരേഷ്, ഡോ. ബോബി ഇഗ്‌നേഷ്യസ് എന്നിവർ സംസാരിച്ചു.

40 - 80

40 മുതൽ 80 ലക്ഷം ടൺ വരെ ഉത്പാദനമാണ്

ഇന്ത്യയിൽ മാരികൾച്ചറിലൂടെ ലക്ഷ്യമിടുന്നത്.