'ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ' പശു ആലിംഗന ദിനത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി

Wednesday 08 February 2023 6:29 PM IST

പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഷെയർ ചെയ്ത പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

'നാടോടിക്കാറ്റ്' എന്ന സിനിമയിലെ രംഗം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി പ്രതികരിച്ചത്. 'ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്, ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...!' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും 'കൗ ഹഗ് ഡേ'യായി ആചരിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും ഇതിൽ പറയുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

ഈ സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നിരവധി പേർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ നിരവധി ട്രോളുകളും ഇറങ്ങുന്നുണ്ട്.