നവീകരിച്ച ദേശീയ പാതയിൽ അപകടങ്ങൾക്ക് ശമനമില്ല

Thursday 09 February 2023 12:54 AM IST
മണ്ണാർക്കാട്- പെരിന്തൽമണ്ണ പാതയിൽ ചുങ്കത്തെ ഡിവൈഡർ

മണ്ണാർക്കാട്: നവീകരിച്ച ദേശീയപാത ചുങ്കം ജംഗ്ഷനിൽ റിഫ്ളക്ടറുകളും സൂചനാ ബോർഡുകളും ഇല്ലാത്തത് പതിവായി അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ചൊവ്വാഴ്ച രാത്രി മിനിവാൻ ഡിവൈഡറിൽ കയറി മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവിഴാംകുന്ന് സ്വദേശി സുരേന്ദ്രന് (48) പരിക്കേറ്റു. ഇയാളെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് നിന്ന് തിരുവിഴാംകുന്നിലേക്ക് പോകും വഴിയാണ് അപകടം. എതിരെ വന്ന വാഹനത്തിന്റെ അമിത വെളിച്ചത്തിൽ ഡിവൈഡർ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകട കാരണം. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

റിഫ്ളക്ടറോ സൂചനാ ബോർഡുകളോ ഇല്ല

ഡിവൈഡർ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന റിഫ്ളക്ടറോ മറ്റോ ഇല്ലാത്തതാണ് പ്രധാനമായും അപകട കാരണം. റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും അപകട മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇതുവരെ ഒരുക്കിയില്ല. രാത്രി ഡ്രൈവർമാർക്ക് ഡിവൈഡർ ശ്രദ്ധയിൽപ്പെടാതെ പോകുകയാണ്.

പെരിന്തൽമണ്ണയിലേക്കും അലനല്ലൂരിലേക്കും തിരിയുന്ന ജംഗ്ഷനിൽ ദിശാ ബോർഡുകളില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കും. രാത്രിയിൽ ശ്രദ്ധയിൽപ്പെടുന്ന തരത്തിലുള്ള റിഫ്ളക്ടറുകളും സൂചനാ ബോർഡുകളും ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാഹനത്തിന് വലിയ കേടുപാടാണ് സംഭവിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

-സുരേന്ദ്രൻ,​ വാൻ ഡ്രൈവർ.