പള്ളിയറക്കാവ് മരംമുറി: പുരാവസ്തു ഡയറക്‌ടറുടെ വിശദീകരണം തേടി
കൊച്ചി: മട്ടാഞ്ചേരി പള്ളിയറക്കാവ് ഭഗവതീക്ഷേത്രവളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഹൈക്കോടതി പുരാവസ്തു വകുപ്പ് ഡയറക്ടറുടെ വിശദീകരണം തേടി. തിങ്കളാഴ്‌ച വിശദീകരണം നൽകാനാണ് ജസ്‌റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്‌റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. മട്ടാഞ്ചേരി പള്ളിയറക്കാവ് ക്ഷേത്രവളപ്പിലെ അനധികൃത മരംമുറിയെക്കുറിച്ച് ഫെബ്രുവരി ഏഴിന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ക്ഷേത്രത്തിനു സമീപത്തെ അരിയിട്ടു വാഴിച്ച കോവിലകം നവീകരിക്കുന്നതിന്റെ മറവിൽ വനം വകുപ്പിന്റെയോ കൊച്ചിൻ ദേവസ്വം ബോർഡിന്റെയോ അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഡിവിഷൻബെഞ്ച് സ്വമേധയാ കേസെടുത്തത്.
അരിയിട്ടു വാഴിച്ച കോവിലകം പുരാവസ്തു വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള സംരക്ഷിത മേഖലയാണെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് പുരാവസ്തു വകുപ്പിനോടു വിശദീകരണം തേടിയത്. ഹർജിയിൽ വനം, റവന്യൂ ദേവസ്വം വകുപ്പുകൾക്കും കൊച്ചിൻ ദേവസ്വം ബോർഡിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രോപദേശക സമിതിക്ക് കൊച്ചി പഴയന്നൂർ ദേവസ്വം ഓഫീസർ മുഖേന നോട്ടീസ് നൽകാനും ഉത്തരവിൽ പറയുന്നു. ഹർജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.