'അയാളെ എന്തുകൊണ്ട് പുറത്താക്കുന്നില്ല? പ്രാധാന്യം നൽകേണ്ടത് ടീമിനാണ് '; നാളെ ആരംഭിക്കുന്ന ടെസ്‌റ്റ് പരമ്പരയിൽ മുതിർന്ന താരത്തെ ഉൾപ്പെടുത്തിയതിനെതിരെ കപിൽ ദേവ്

Wednesday 08 February 2023 7:58 PM IST

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ നാളായി ചർച്ച ചെയ്യുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര നാളെ നാഗ്‌പൂരിൽ ആരംഭിക്കുകയാണ്. അശ്വിന്റെ സ്‌പിൻ ബൗളിംഗിനെക്കുറിച്ചും ഇന്ത്യയിലെ പിച്ചിനെക്കുറിച്ചുമെല്ലാമുള്ള ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇതിനിടെ ഇന്ത്യൻ ടീമിൽ ഒരു സീനിയർ താരം തുടരുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ കപിൽ ദേവ്.

ഫോമിലല്ലാതിരുന്നിട്ടുംടെസ്‌റ്റ് ടീമിൽ ഇടംനേടിയ വൈസ് ക്യാപ്‌റ്റൻ കെ.എൽ രാഹുലിനെതിരെയാണ് കപിൽ ദേവ് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. 'എന്തുകൊണ്ടാണ് രാഹുലിനെ ടീമിൽ നിന്നും പുറത്താക്കാൻ കഴിയാത്തത്. ഞങ്ങൾക്ക് ആരെ വേണം, ആരെ വേണ്ട ഇങ്ങനെയൊരു നിയമം പാടില്ല. കെ.എൽ രാഹുലിനെ ഞാൻ മികച്ചയൊരു ബാറ്ററായി കണക്കാക്കുന്നു. എന്നാൽ അയാൾ ടീമിൽ ഉൾപ്പെടാൻ അനുയോജ്യനല്ലെങ്കിൽ മാറാൻ അനുവദിക്കുക.' കപിൽ ദേവ് അഭിപ്രായപ്പെട്ടു. ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മയും മാനേജ്‌മെന്റും ഇക്കാര്യത്തിൽ ആലോചിക്കണമെന്ന് കപിൽ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഏകദിന പരമ്പരകളിൽ ഫോമിലല്ലാത്തതിനാൽ രാഹുലിനെ മദ്ധ്യനിര ബാറ്ററായാണ് ഇറക്കിയിരുന്നത്. ഇതിനിടെ നാളെ നായകൻ രോഹിത്ത് ശർമ്മയ്‌ക്കൊപ്പം ആരെ ഓപ്പണറാക്കും എന്ന ചിന്ത ടീം ഇന്ത്യയുടെ ക്യാമ്പിലുണ്ട്. ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടിയ യുവതാരം ശുഭ്‌മാൻ ഗിൽ തന്നെ ഓപ്പണറാകുന്നതാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.