ഗൾഫിൽ രുചി പകരാൻ  ലാലുവിന്റെ കൂൺ കോഫി

Thursday 09 February 2023 4:51 AM IST

കൊല്ലം: കൊവിഡ് കാലത്ത് ഗൾഫിലെ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ ലാലു തോമസ് ഇനി സ്വന്തം വീട്ടിൽ തയ്യാറാക്കുന്ന കൂൺ കോഫി അവിടേക്ക് കയറ്റി അയയ്ക്കും.

പതിനഞ്ച് വർഷം ഗൾഫിലെ എയർലൈൻസിൽ ഷെഫായിരുന്ന പത്തനാപുരം തലവൂർ സ്വദേശി ലാലുതോമസിന്റെയും കുടുംബത്തിന്റെയും രണ്ടു വർഷത്തെ അദ്ധ്വാനമാണ് സ്വന്തം രുചിക്കൂട്ടായ 'ലേബേ മഷ്റൂം കോഫി'.

നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൂൺ കൃഷിയിലേക്ക് തിരിഞ്ഞത്.

പ്രതിദിനം അഞ്ച് മുതൽ 10 കിലോ കൂൺ ലഭിച്ചുതുടങ്ങിയതോടെയാണ്

പുതിയൊരു ഉല്പന്നത്തെക്കുറിച്ച് ചിന്തിച്ചത്. ഭാര്യ ആൻസി പൂർണ പിന്തുണ നൽകി. ഒരു കിലോ കൂണിന് 400 രൂപയാണ് വില.

വയനാട്ടിൽ നിന്നുള്ള അറബിക്ക ട്രിപ്പിൾ എ ഗ്രേഡ് കോഫി ഇതിനായി വരുത്തി. ഇതിൽ അഞ്ചിനം കൂണുകളുടെ മിശ്രിതവും ചേർത്തു പരീക്ഷണം നടത്തി. വീട്ടിലുള്ളവർക്കും കോഫിയുടെ രുചി ഇഷ്ടപ്പെട്ടതോടെ ആത്മവിശ്വാസമായി. പ്രധാനമന്ത്രിയുടെ മൈക്രോ ഫുഡ്‌ പ്രോസസിംഗ് എന്റർപ്രണർഷിപ്പ് സ്‌കീമിൽ ലഭിച്ച 10ലക്ഷം രൂപ വിനിയോഗിച്ച് യന്ത്രങ്ങൾ സ്ഥാപിച്ചു. കൊട്ടാരക്കര സദാനന്ദപുരം

കൃഷി വി‌ജ്ഞാന കേന്ദ്രം സയന്റിസ്റ്റ് ഷംസിയയുടെ സഹായത്തോടെയാണ് 'ലേബേ മഷ്റൂം കോഫി' വിജയകരമായി വിപണിയിലിറക്കിയത്.

ആദ്യം യു.എ.ഇയിലേക്ക്

അടുത്തിടെ കൊച്ചിയിൽ നടന്ന വ്യവസായ മഹാസംഗമത്തിലാണ് കൂൺ കോഫി കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിച്ചത്. യു.എ.ഇയിലെ ഫ്യൂച്ചർ സ്റ്റാർസ് കമ്പനിയനുമായി ധാരണാപത്രം ഒപ്പുവച്ചു. 280 കിലോ കോഫിക്കാണ് ഓർ‌ഡർ. 4000 കിലോ കൂൺ ഇതിനായി വേണ്ടി വരും. ഖത്തറിൽ നിന്നു മറ്റൊരു കമ്പനിയും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 സാധാരണ കൂൺ കോഫി

70 % കോഫി, 30 % കൂൺ

 ലേബേ മഷ്റൂം കോഫി

30 % കോഫി, 70 % കൂണും

480 രൂപ:

30 ഗ്രാമിന്റെ

പാക്കറ്റിന്

10 ഗ്ളാസ് കോഫി:

ഒരു പാക്കറ്റിൽ

തയ്യാറാക്കാം

നാരും ധാതുലവണങ്ങളുമടങ്ങിയ കൂൺ പോഷക സമൃദ്ധമാണ്. സാധാരണ കോഫി കുടിക്കുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങളില്ല. തലവൂരിൽ കൂൺ ഗ്രാമം ആരംഭിച്ച് കൃഷി വ്യാപകമാക്കും.

ലാലു തോമസ്, സംരംഭക