എന്നെ അമ്മയാക്കണം... തൊഴുകൈയോടെ സിയ

Thursday 09 February 2023 4:55 AM IST

കോഴിക്കോട്: എന്റെ ഭർത്താവ് പ്രസവിച്ചു, കുഞ്ഞ് സുഖമായിരിക്കുന്നു.... സിയ നീട്ടിയ മധുരം വാങ്ങിയവരെല്ലാം അതു കേട്ട് അമ്പരന്നു.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും അവിടെയുള്ള കൂട്ടിരിപ്പുകാർക്കുമെല്ലാം അവൾ മിഠായികൾ വിതരണം ചെയ്തു. ഒടുവിൽ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ശ്രീകുമാറിനും മധുരം നൽകി. പിന്നാലെ കൂപ്പുകൈയുമായി അവൾ അപേക്ഷിച്ചു,

' സർ പ്രസവിച്ചത് അവനാണെങ്കിലും രേഖകളിൽ കുട്ടിയുടെ അച്ഛൻ സഹദും അമ്മ ഞാനുമായിരിക്കണം. സാങ്കേതികക്കുരുക്കുകളെല്ലാം തീർത്തുതരണം. ഈ ലോകത്തിനുമുമ്പിൽ അവളുടെ അച്ഛനും അമ്മയുമായി ഞങ്ങൾക്ക് ജീവിക്കണം...' കണ്ണീരോടെയുള്ള അവളുടെ വാക്കുകൾക്ക് ഇത്രയും ആയില്ലേ, അതൊക്കെ വഴിയെ നടന്നുകൊള്ളുമെന്ന് സൂപ്രണ്ടിന്റെ ആശ്വാസവചനം.

മാദ്ധ്യമങ്ങൾ വലിയ ആഘോഷമാക്കിയെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ പതിവുപോലൊരു പ്രസവമായിരുന്നു സഹദിന്റേയും.കുഞ്ഞിന് സാധാരണഗതിയിലുള്ള തൂക്കമുണ്ട്, 2.9ഗ്രാം.