കാർ വാങ്ങലും വിദേശയാത്രയും ധൂർത്തല്ല:ധനമന്ത്രി

Thursday 09 February 2023 12:17 AM IST

തിരുവനന്തപുരം: കാർ വാങ്ങലും വിദേശ യാത്രയും ഒഴിവാക്കുന്നതല്ല ചെലവ് ചുരുക്കെലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭയിൽ ബഡ്ജറ്റ് ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആരെങ്കിലും കാർ വാങ്ങുന്നതോ പത്ത് പേർ വിദേശത്ത് പോകുന്നതോ അല്ല ധൂർത്ത്. ഇതൊക്കെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ തൊഴുത്ത് നിർമ്മാണത്തിന് 42 ലക്ഷം രൂപ ചെലവായെന്ന പ്രതിപക്ഷ ആരോപണവും മന്ത്രി തള്ളി. കാര്യങ്ങൾ സത്യസന്ധമായി പറയണം. ചുറ്റുമതിലടക്കം കെട്ടിയതിനാണ് ഈ തുക ചെലവായത്. ക്ലിഫ് ഹൗസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ മഞ്ഞ കല്ലുമായി വന്നത് ഓർമയുണ്ടോയെന്ന് ചോദിച്ച ബാലഗോപാൽ അവിടെ സുരക്ഷ ആവശ്യമാണെന്നും ചുറ്റുമതിൽ ഇതിനാണെന്നും കൂട്ടിച്ചേർത്തു.

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ ഫാബ് ടെക്നോളജി ഉപയോഗിച്ചതിലൂടെ ചെലവ്

രണ്ടേമുക്കാൽ കോടിയിൽ നിന്ന് ഒരു കോടിയായി ഒതുങ്ങി. അതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യെ അഭിനന്ദിക്കണം.

സ്ത്രീകളുടെ സാനിറ്ററി പാഡിന് പകരം മെൻസ്ട്രേഷൻ കപ്പുപയോഗിക്കാനുള്ള നിർദ്ദേശം ദലീമ എം.എൽ.എയാണ് മുന്നോട്ട് വച്ചത്. ആയിരം ടൺ മാലിന്യമെങ്കിലും കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പീക്കർ അനുവദിക്കുമെങ്കിൽ പൂർണ ബഡ്ജറ്റ് ചർച്ചയ്ക്കൊപ്പം പരിസ്ഥിതി ബഡ്ജറ്റും അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക വരവ് കൂട്ടുന്നതിൽ സർക്കാരിന് കെടുകാര്യസ്ഥതയൊന്നുമുണ്ടായിട്ടില്ല. നികുതിവരുമാനം കൂടിയിട്ടേയുള്ളൂ. കഴിഞ്ഞ വർഷം നേടിയ 27000കോടി മുൻവർഷങ്ങളെക്കാൾ അധികമാണ്. മന്ത്രി പറഞ്ഞു.