ബഡ്ജറ്റ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: വി.ഡി.സതീശൻ

Thursday 09 February 2023 12:21 AM IST

തിരുവനന്തപുരം: ജനജീവിതം ദുഃസഹമാക്കുകയും സംസ്ഥാനത്തിന് സാമ്പത്തിക തകർച്ചയുണ്ടാക്കുകയും ചെയ്യുന്ന ബഡ്ജറ്റിലെ പെട്രോൾ,ഡീസൽ,മദ്യസെസ് നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. സെസ് കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരായി യു.ഡി.എഫ് ശക്തമായി സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വറുതിയിലേക്കും പ്രയാസങ്ങളിലേക്കും തള്ളി വിടുന്ന ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണ് ധനമന്ത്രിയും സർക്കാരും. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടും സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്നതുകൊണ്ടും നികുതി പിൻവലിക്കില്ലെന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചത്. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാരിനുണ്ടായ ദയനീയ പരാജയമാണ് ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്.

കേന്ദ്രസർക്കാർ വിഹിതം വെട്ടിക്കുറച്ചുവെന്നത് കളവാണ്. ജി.എസ്.ടി.നഷ്ടപരിഹാരം കൃത്യമായി കിട്ടി. ഇതിന് പുറമെ റവന്യൂ കമ്മി നികത്താനുള്ള 53000കോടിയുടെ അസാധാരണ സഹായവും കിട്ടി. സാമൂഹിക സുരക്ഷാ ഫണ്ടിന് വേണ്ടിയാണ് മദ്യത്തിന്റെ നികുതി കൂട്ടിയത്. 251 ശതമാനം നികുതി ഇപ്പോൾ തന്നെയുണ്ട്. നികുതി കൂട്ടിയാൽ ഉപഭോഗം കുറയില്ല. അദ്ദേഹം പറഞ്ഞു.