ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു

Thursday 09 February 2023 4:26 AM IST

സർക്കാർ മെഡി. സംഘത്തിന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: ന്യൂമോണിയ ബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ സംഘവും ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കൽ സംഘവും അദ്ദേഹത്തെ ഇന്നലെ വിശദമായി നിരീക്ഷിച്ചു. ഉമ്മൻചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗുളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് സർക്കാർ മെഡിക്കൽ സംഘം യോഗം ചേർന്ന് തീരുമാനമെടുക്കും.

അദ്ദേഹം മരുന്നകളോട് നല്ലരീതിയിൽ പ്രതികരിക്കുന്നതായി നിംസ് ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽഅറിയിച്ചു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ശ്വാസകോശത്തിലെ അണുബാധ പൂർണ്ണമായി ഭേദപ്പെടുമെന്നും വ്യക്തമാക്കി. യന്ത്രത്തിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഓക്സിജൻ അളവ് സാധാരണ പോല നിലനിൽക്കുന്നുണ്ട്. കുടുംബാംഗങ്ങളോടും മെഡിക്കൽ സംഘത്തോടും സാധാരണ നിലയിൽ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, ബെന്നിബഹനാൻ എം.പി, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ എം.പി അബ്ദുള്ളക്കുട്ടി, മുൻ നിയമസഭ സ്പീക്കർ എൻ.ശക്തൻ എന്നിവർ ഇന്നലെ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.