പരിശീലന വിമാനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

Thursday 09 February 2023 4:31 AM IST

പൈലറ്റിന് പരിക്ക്

ശംഖുംമുഖം: യന്ത്രതകരാറിനെത്തുടർന്ന് പരിശീലന വിമാനം ടേക്ക് ഓഫിനിടെ തലകീഴായി മറിഞ്ഞു. പരിശീലന പൈലറ്റായ തിരുവനന്തപുരം മണക്കാട് കാലടി സ്വദേശി അനൂപ് നായറിനെ(34) നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമിക്ക് കീഴിലുള്ള സെസ്നാ ഇനത്തിൽപ്പെട്ട 172 ആർ എന്ന പരിശീലന വിമാനമാണ് ടേക്ക് ഓഫിനിടെ റൺവേയിൽ നിന്നും തെന്നിമാറി തലകീഴായി മറിഞ്ഞത്. നാല് സീറ്റുള്ള വിമാനത്തിൽ അനൂപ് മാത്രമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫിനും ലാൻഡിംഗിനുമുള്ള പരീശിലനത്തിന്റെ ഭാഗമായി രാവിലെ ഒരു തവണ അനൂപ് ഇതേ വിമാനം ടേക്ക് ഓഫ് ചെയ്ത് പരീശീലന പറക്കൽ നടത്തിയിരുന്നു. രണ്ടാം ഘട്ട പരിശീലനത്തിനിടെ ലാൻഡ് ചെയ്ത ശേഷം അടുത്ത ടേക്ക് ഓഫിനായി റൺവേയിലേക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ റൺവേയിൽ ഉണ്ടായിരുന്ന ജീവനക്കാർ എത്തി അനൂപിനെ പുറത്തെടുത്തു.

ടേക്ക് ഓഫ് സമയത്ത് എഞ്ചിൻ പവർ ഓഫായി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടറേറ്റ് ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) അധികൃതരെത്തി പരിശോധന നടത്തിയാൽ മാത്രമേ അപകട കാരണം വ്യക്തമാകുള്ളൂ.

സംസ്ഥാനത്തെ ഏക പൈലറ്റ് പരിശീലന കേന്ദ്രമാണ് തിരുവനന്തപുരം വിമാനത്താളത്തിലെ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി ഫ്‌ളൈയിംഗ് ക്ളബ്.

Advertisement
Advertisement