വേനൽ കനക്കുന്നു; റബ്ബർ തളിരിലകൾ കരിയുന്നു

Thursday 09 February 2023 12:40 AM IST
തളിരിലകൾ കരിഞ്ഞ് നിൽക്കുന്ന റബ്ബർ മരങ്ങൾ.

വടക്കഞ്ചേരി: റബ്ബറിന്റെ തളിരിലകൾ കരിഞ്ഞു വീഴുന്നു. ഡിസംബറിലെ തണുപ്പിനെ തുടർന്ന് സ്വാഭാവിക ഇലകൊഴിച്ചിൽ ആരംഭിച്ച ശേഷം പുതുതായി വന്ന തളിരിലകളാണ് വേനൽചൂടിൽ കരിഞ്ഞ് ചുരുണ്ട് താഴെ വീണു തുടങ്ങിയത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി,​ ഒലിപ്പാറ, മാങ്കുറശ്ശി, മംഗലാ ഡാം തുടങ്ങിയ പ്രദേശങ്ങളിലാണ് തളിരിലകൾ കരിഞ്ഞു വീഴുന്നത് കൂടുതലായി കാണുന്നത്.

ഇല കൊഴിഞ്ഞതോടെ റബർ മരങ്ങളിൽ പാൽ ഉല്പാദനവും കുറഞ്ഞു. തളിരലകൾ മൂത്താൽ പൂർവസ്ഥിതിയിലേക്ക് പാൽ ഉല്പാദനം നടക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കൊഴിഞ്ഞുവീഴാൻ തുടങ്ങിയത്. അതോടൊപ്പം ശേഷിക്കുന്ന തളിരിലകളിൽ കോറിനോസ്പോറ എന്ന രോഗം വ്യാപിക്കുന്നുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു.

കഴിഞ്ഞയാഴ്ച ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിലും മറ്റും വേനൽ മഴ ലഭിച്ചെങ്കിലും മേഖലയിൽ മഴ ലഭിച്ചില്ല. ഇതോടെ അന്തരീക്ഷ ആർദ്രത കൂടിയത് തളിരിലകൾ കരിയുന്നതിനും കാരണമായി. റബ്ബർ ഉല്പാദനം വർദ്ധിച്ചില്ലെങ്കിൽ വിലയിടിവ് മൂലം വെട്ടുകൂലി പോലും ലഭിക്കില്ലെന്നും തോട്ടങ്ങളിൽ ഇക്കുറി നേരത്തെ ടാപ്പിംഗ് നിറുത്തുമെന്നും കർഷകർ പറഞ്ഞു.