കലയുടെ ലഹരിയിൽ ഘോഷയാത്ര

Friday 10 February 2023 1:28 AM IST
കലയുടെ ലഹരിയിൽ ഘോഷയാത്ര

കൊച്ചി: എം.ജി സർവകലാശാല കലോത്സവം അനേകയ്ക്ക് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര വർണോജ്വലമായി. മെട്രോ നഗരത്തെ നിറച്ചാർത്തണിയിച്ചാണ് എസ്.എച്ച് കോളേജ് തേവര, മഹാരാജാസ് എറണാകുളം, സെന്റ് തെരേസാസ് എറണാകുളം, എറണാകുളം ലാ കോളേജ്, സെന്റ് ആർബർട്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് വിദ്യാർത്ഥികൾ വിളംബര ജാഥയിൽ അണിനിരന്നത്. കലയുടെ സൗന്ദര്യവും കരുത്തും വിളംബരം ചെയ്ത റാലിയിൽ കൊട്ടും പാട്ടും ആർപ്പുവിളികളുമായി താളമേളങ്ങളുടെ അകമ്പടിയിലാണ് പ്രതിഭകൾ അണിനിരന്നത്.

മറൈൻഡ്രൈവ് മൈതാനം മുതൽ ഒന്നാം വേദിയായ മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട് വരെ നീണ്ട ഘോഷയാത്ര കാണാൻ മെട്രോ നഗരത്തിലെ റോഡിന് ഇരുവശവും ആയിരങ്ങൾ അണിനിരന്നു. സെന്റ് തെരേസാസ് കോളേജിന്റെ ബാനറിനു പിന്നിൽ മുഖത്ത് ചായമെഴുതി അണിനിരന്ന വിദ്യാർത്ഥിനികൾ കാഴ്ച്ചക്കാർക്ക് കൗതുകമായി. സംഗീതത്തിന്റെ അകമ്പടിയിൽ പാട്ടുപാടിയും കരഘോഷം മുഴക്കിയും വിദ്യാർത്ഥികൾ ആവേശഭരിതരായി. വർണ ബലൂണുകളും പൂക്കളുമേന്തി മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയും നൃത്തം ചെയ്തും അവർ രംഗംകൊഴുപ്പിച്ചു. ചെണ്ടമേളവും ബാൻഡും ആവേശം ഇരട്ടിപ്പിച്ചു. ഘോഷയാത്രയ്ക്ക് മുന്നിൽ നിരന്ന വർണക്കാവടി ഉത്സവഛായ പകർന്നു.

പാർക്ക് അവന്യുവിലൂടെ ആശുപത്രി റോഡ് വഴി ഘോഷയാത്ര മഹാരാജാസ് മെൻസ് ഹോസ്റ്റൽ മൈതാനത്തെ പ്രധാന വേദിയിലെത്തി. തുടർന്ന് മുഴുവൻ വിദ്യാർഥികളും ഒന്നിച്ചുകൂടി വാദ്യമേളങ്ങളുടെയും സംഗീതത്തിന്റെയും താളത്തിനൊപ്പിച്ച് നൃത്തച്ചുവടുകൾ വച്ചത് കലോത്സവലഹരിയെ വാനോളമുയർത്തി.