രാവും പകലും കലയുടെ മേളം

Thursday 09 February 2023 1:59 AM IST
രാവും പകലും കലയുടെ മേളം

കൊച്ചി: എം.ജി സർവകലാശാല കലോത്സവം "അനേക" യ്ക്ക് കൊടിയേറി. അഞ്ചുവർഷത്തിന് ശേഷമാണ് കലയുടെ പൂരത്തിന് കൊച്ചി ആതിഥേയരാകുന്നത്. ഘോഷയാത്രയോടെ ആരംഭിച്ച കലോത്സവം നാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ബെന്യാമി​ൻ, ജി.ആർ. ഇന്ദുഗോപൻ, ദീപ നിശാന്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇനിയുള്ള അടുത്ത മൂന്നുദിവസം കൊച്ചി കലയുടെ വേദിയാകും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 209 കോളേജുകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 8000 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം 6000 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 3 ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളും വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ വ‌ർഷം മുതലാണ് കലോത്സവങ്ങളിൽ എല്ലാ മത്സരങ്ങളിലും ട്രോൻസ്ജൻഡർ പങ്കാളിത്തം ഉറപ്പുവരുത്തിയത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്, മഹാരാജാസ് കോളേജ്, ലാ കോളേജ് എന്നിവിടങ്ങളിലായാണ് വേദിഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ വേദി ഒന്നിൽ തിരുവാതിര, വേദി രണ്ടിൽ ഗ്രൂപ്പ് സോംഗ്, വേദി മൂന്നിൽ കേരള നടനം എന്നിവയും നടന്നു.