മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി

Thursday 09 February 2023 12:16 AM IST

മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭയിൽ മൂന്ന് ദിവസത്തെ ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാങ്കേതിക കാരണങ്ങളാൽ വിനിയോഗിക്കാൻ സാധിക്കാത്ത 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും എം എൽ.എ അനുവദിച്ച രണ്ട് കോടി ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ ഉടൻ ആരംഭിക്കണമെന്ന് രാവിലെ ചോദ്യോത്തരവേളയിൽ പി.ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. 2016 ജനുവരിയിലാണ് കെ.എസ്.ആർ‌.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.

90 ലക്ഷത്തിന്റെ സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ ടെൻഡർ ചെയ്ത് കരാർ വച്ചിട്ടുണ്ടെന്നും എം.എൽ.എയുടെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടിയുടെ നടപടികൾ പൂർത്തീകരിച്ച് ഉടൻ ടെൻഡ‌ർ ചെയ്യുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു മറുപടി നൽകി.

ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ നാല് നില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികളാണിപ്പോൾ പാതിവഴിയിൽ എത്തി നിൽക്കുന്നത്. ജില്ലാ ആസ്ഥാനമായ മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയോട് അനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ പണികൾ പൂർത്തീകരിക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് നല്ല വരുമാന മാർഗ്ഗമായി അത് മാറും. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം രണ്ടാംഘട്ട പണികൾക്ക് ഈ വർഷത്തെ ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അടങ്കൽ നിശ്ചയിച്ച് ടോക്കൺ തുക വകയിരുത്തിയിട്ടുണ്ട്.

Advertisement
Advertisement