യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, നാല് പേർക്ക് പരിക്ക്

Thursday 09 February 2023 12:21 AM IST
അടി...പതറി​ല്ലാാാ സാറെ.... ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ പൊലീസ് ലാത്തിചാർജിൽ നിന്നും പ്രവർത്തകനെ സംരക്ഷിക്കുന്ന ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ

പത്തനംതിട്ട : ബഡ്ജറ്റിലെ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാല് ബാരിക്കേഡുകൾ തകർത്തെറിഞ്ഞു. ഇതോടെ മറ്റ് ബാരിക്കേ‌ഡുകളും ഇളകിമാറി. പൊലീസിന് നേരെ മുദ്രാവാക്യം വിളിച്ച് അക്രമാസക്തരായ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കിയെങ്കിലും നേതാക്കളെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് വാഹനത്തിന് മുമ്പിൽ റോഡിൽ തടസം കിടന്ന പ്രവർത്തകരെ നീക്കാൻ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. അതോടെ പൊലീസ് ലാത്തി വീശിയപ്പോപ്പ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലാ വൈസ് പ്രസിഡന്റ് രഞ്ചു തുമ്പമൺ, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മുക്കരണത്ത്, ജേക്കബ് കിടങ്ങന്നൂർ, ജയകൃഷ്ണൻ തെങ്ങമം എന്നിവർക്കാണ് പരിക്കേറ്റത്.

യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ, സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, സംസ്ഥാന നിർവാഹകസമിതി അംഗം നഹാസ് പത്തനംതിട്ട, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി.മനോജ്, രഞ്ജു മുണ്ടിയിൽ, അഖിൽ അഴൂർ, ജില്ലാ ഭാരവാഹികളായ അനൂപ് വേങ്ങവിളയിൽ, ഷിജു അറപ്പുരയിൽ, അരുൺ പി.അച്ചൻകുഞ്ഞ്, അരവിന്ദ് വെട്ടിക്കൽ, ലിജ മാത്യു, റിനോ പി രാജൻ, സാംജി ഇടമുറി ,അഭിലാഷ് വെട്ടിക്കാടൻ എന്നിവർ നേതൃനിരയിലുണ്ടായിരുന്നു. സംഘർഷത്തിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെയും കളക്ടറേറ്റിന് മുമ്പിൽ വിന്യസിച്ചിരുന്നു. പ്രവർത്തകരെ തുരത്താൻ എത്തിച്ച ജലപീരങ്കി പണിമുടക്കിയതിനാൽ മാറ്റിയിടേണ്ടിവന്നു. ഡിവൈ.എസ്.പി എസ്.നന്ദകുമാറും പൊലീസ് സംഘവും ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയത്.