പി.കെ ഫിറോസിന് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം
കോഴിക്കോട്: സെക്രട്ടറിയേറ്റ് മാർച്ചിനെത്തുടർന്ന് ജയിലിലായി പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോടെത്തിയ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം. വൈകിട്ട് 4.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഫിറോസിനെ പ്രകടനമായാണ് സ്വീകരണ സമ്മേളന വേദിയായ മുതലക്കുളത്തേക്ക് ആനയിച്ചത്. രാവിലെ 9.10ന് കൊച്ചുവേളിയിൽ നിന്നും ട്രെയിൻ മാർഗം പുറപ്പെട്ട ഫിറോസിന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ സ്റ്റേഷനുകളിൽ സ്വീകരണം നൽകി.
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള എന്ന മുദ്യാവാക്യവുമായി ജനുവരി 18ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൾപ്പെടെ ഇരുപത്തിയെട്ട് പ്രവർത്തകരെ റിമാൻഡ് ചെയ്തത്. മുതലക്കുളത്ത് നടന്ന സ്വീകരണ സമ്മേളനം മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, സി.കെ സുബൈർ, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമൻ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ റസാഖ്, ട്രഷറർ പാറക്കൽ അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.