ഗുരുവചന പ്രഭയിൽ മാടമൺ, ശ്രീനാരായണ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

Thursday 09 February 2023 12:28 AM IST
128-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തി​ൽ ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​സ്വാമി ഗുരുപ്രകാശം എന്നിവർ ചേർന്ന് ഭദ്രീപം തെളിക്കുന്നു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹനൻ, ജി.ഡി.പി.എസ് റാന്നി മണ്ഡലം പ്രസിഡന്റ് പി.എൻ സന്തോഷ് കുമാർ എന്നി​വർ സമീപം

മാടമൺ: ഇരുപത്തെട്ടാമത് മാടമൺ ശ്രീനാരായണ കൺവെൻഷന് പമ്പയുടെ തീരത്ത് ഭക്തിനിർഭരമായ തുടക്കം. നൂറുകണക്കിന് ശ്രീനാരായണീയർ പീത വസ്ത്രമണിഞ്ഞ് മണൽപ്പുറത്തേക്ക് എത്തി. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയനും ഗുരുധർമ്മ പ്രചരണ സഭയും പോഷക സംഘടനകളും ചേർന്നാണ് അഞ്ച് ദിവസത്തെ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഗുരുദേവ ദർശനങ്ങളുടെ അകവും പൊരുളും കൺവെൻഷനിലെ പഠന ക്ളാസുകളിൽ അവതരിപ്പിക്കും.

കൊവിഡിന് ശേഷം പുനരാരംഭിച്ച കൺവെൻഷനിലേക്ക് റാന്നി യൂണിയനിലെ വിവിധ ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയരുടെ വൻ പങ്കാളിത്തം ശ്രദ്ധേയമായി. ആഞ്ഞിലിത്താനം ഗുരുദേവ പാദുക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഗുരുദേവ വിഗ്രഹ ഘോഷയാത്രയും പേഴുംപാറ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ആങ്ങമൂഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പതാക ഘോഷയാത്രയും നാറാണംമൂഴി ശാഖയിൽ നിന്ന് ആരംഭിച്ച കൊടിക്കയർ ഘോഷയാത്രയും ഇടമുറി ശാഖയിൽ നിന്ന് ആരംഭിച്ച കൊടിമര ഘോഷയാത്രയും കൺവെൻഷൻ നഗറിൽ സംഗമിച്ചു. തുടർന്ന് സ്വാഗതസംഘം ചെയർമാൻ പി.എസ്.വിജയൻ പതാക ഉയർത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത കാലടി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെയും ആത്മീയ പ്രഭാഷണം നടത്തിയ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശത്തിനെയും സംഘാടക സമിതി പൂർണകുംഭം നൽകി വേദിയിലേക്ക് സ്വീകരിച്ചു.