അഞ്ചുദിവസവും ബാറ്റുചെയ്ത് വിൻഡീസ് ഓപ്പണർമാർ
Wednesday 08 February 2023 11:32 PM IST
ബുലവായോ : സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ അഞ്ചു ദിവസവും ബാറ്റിംഗിനിറങ്ങി വിൻഡീസിന്റെ ഓപ്പണർമാരായ ക്യാപ്ടൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ടാഗേനരെയ്ൻ ചന്ദർപോളും. ആദ്യ മൂന്ന് ദിവസം വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത് ടാഗേനരെയ്നും (207) ബ്രാത്ത്‌വെയ്റ്റും (182) 336 റൺസ് കൂട്ടിച്ചേർത്തിരുന്നു. നാലാംദിവസം സിംബാബ്‌വെ 379/9ന് ഡിക്ളയർ ചെയ്തതോടെ ബ്രാത്ത്‌വെയ്റ്റും ടാഗേനരെയ്നും വീണ്ടും ഓപ്പൺ ചെയ്യാനെത്തി പുറത്താവാതെ നിന്നു. അഞ്ചാം ദിനം രാവിലെ ഇവർ ബാറ്റിംഗ് പുനരാരംഭിച്ചതോടെയാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. ഇതിന് മുമ്പ് 10 ബാറ്റർമാർ അഞ്ചുദിവസവും ബാറ്റുചെയ്തിട്ടുണ്ടെങ്കിലും ഒരേ ജോഡി ഈ നേട്ടം കൈവരിക്കുന്നത് ആദ്യമാണ്.