ഗുരുദേവൻ എല്ലാ മതങ്ങളെയും ഒന്നായി കണ്ടു : സ്വാമി ധർമ്മ ചൈതന്യ

Thursday 09 February 2023 12:32 AM IST
മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറി​ൽ ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​സ്വാമി ഗുരുപ്രകാശം എന്നിവരെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുന്നു

മാടമൺ : എല്ലാ മതങ്ങളെയും ഒന്നായി കാണുന്ന മഹത്തായ ദർശനം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. ഇരുപത്തെട്ടാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ തമ്മിൽ കലഹം പാടില്ലെന്ന് ഗുരു അരുൾച്ചെയ്തു. ക്രിസ്തുവും ബുദ്ധനും നബിയും സത്യത്തിലേക്കും ധർമ്മത്തിലേക്കുമുള്ള വഴിയാണ് കാണിച്ചുതന്നത്. അതുകൊണ്ട് മതങ്ങൾ തമ്മിൽ ഭിന്നത പുലർത്തേണ്ടതില്ല. ഗുരു ആത്മോപദേശ ശതകത്തിലും ഇതാണ് പറഞ്ഞുതരുന്നതെന്ന് ധർമ്മ ചൈതന്യ ചൂണ്ടിക്കാട്ടി.

ഗുരു ദർശനങ്ങൾ പ്രാവർത്തികമാക്കാൻ

കഴിഞ്ഞു: രവീന്ദ്രൻ എഴുമറ്റൂർ

ശ്രീനാരായണ ഗുരുദേവന്റെ രണ്ട് ദർശനങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞതിൽ തനിക്ക് സംതൃപ്തിയുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ പറഞ്ഞു. വ്യവസായം നടത്തി അഭിവൃദ്ധി പ്രാപിക്കണമെന്നും അപരന് സഹായിയായി മാറണമെന്നും ഗുരുദേവൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കൃഷി ചെയ്ത് പട്ടിണിയില്ലാതെ ആരോഗ്യത്തോടെ ജീവിക്കണമെന്നതായിരുന്നു ഗുരുവിന്റെ മറ്റൊരു ഉപദേശം. നാൽപ്പതു വർഷത്തിലേറെയായി താൻ വ്യവസായം നടത്തുന്നു. ലാഭത്തിന്റെ ഒരു വിഹിതം മറ്റുള്ളവരെ സഹായിക്കാനായി വിനിയോഗിക്കുന്നു. കൃഷി ചെയ്യുന്ന തനിക്ക് മികച്ച കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഇൗ നിലപാട് തുടരുകയാണെന്നും രവീന്ദ്രൻ എഴുമറ്റൂർ പറഞ്ഞു.

റാന്നി യൂണിയൻ പ്രവർത്തനം

ശക്തമാക്കും: മണ്ണടി മോഹനൻ

എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ പ്രവർത്തനം ശക്തമാക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ പറഞ്ഞു. കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിക്കിടെ രണ്ടുവർഷമായി മുടങ്ങിക്കിടന്ന മാടമൺ കൺവെൻഷൻ ഇൗ വർഷം മുതൽ വീണ്ടും വിപുലമായി നടത്തും. യൂണിയനിലെ മുഴുവൻ ശാഖകളെയും കൂട്ടി യോജിപ്പിച്ചാണ് കൺവെൻഷൻ നടത്തുന്നത്. എസ്.എൻ.ഡി.പി യോഗവും ഗുരുധർമ്മ പ്രചരണസഭയും പോഷക സംഘടനകളും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് മണ്ണടി മോഹനൻ പറഞ്ഞു.

യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം ആത്മീയ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ.വസന്തകുമാർ, ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ പി.എം.മധു, റാന്നി മണ്ഡലം പ്രസിഡന്റ് പി.എൻ.സതീഷ് കുമാർ, യൂത്ത് മൂവ്മെന്റ് റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ പി.എസ്.ദീപു, വനിതാസംഘം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ഷീജാ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.