അഴിയിടത്തുചിറ - സ്വാമിപാലം - മേപ്രാൽ റോഡ് നിർമ്മാണം വൈകുന്നു ; പ്രതിഷേധം ശക്തം

Thursday 09 February 2023 12:05 AM IST
കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച കൂട്ടധർണ മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഒരുവർഷം പിന്നിട്ടിട്ടും അഴിയിടത്തുചിറ-സ്വാമിപാലം-മേപ്രാൽ-അംബേദ്ക്കർ കോളനി റോഡിന്റെ നിർമ്മാണ ജോലികൾ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ജനുവരിയിൽ നി‌ർമ്മാണം ആരംഭിച്ച റോഡിന്റെ പകുതിയോളം ജോലികൾപോലും പൂർത്തിയായിട്ടില്ല. പൊതുമരാമത്ത്, ജല അതോറിറ്റി, വൈദ്യുതി വകുപ്പുകൾ തമ്മിലുള്ള ശീതസമരമാണ് റോഡിന്റെ നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആറുമാസം കൂടി മാത്രമാണ് കരാർ കാലാവധിയുള്ളത്. 7.75കോടി ചെലവിൽ 5.1കിലോമീറ്റർ ദൂരത്തിൽ ടാറിംഗ് ജോലികൾ പൂർത്തിയാകാനുണ്ട്.തിരുവല്ല നഗരസഭയിൽ അഴിയിടത്തുചിറയിൽ തുടങ്ങി പെരിങ്ങര പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡിന് ജില്ലാ അതിർത്തികടന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കാനാകും.വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന റോഡ് ഒന്നരയടി ഉയരത്തിലാണ് നിർമ്മിക്കേണ്ടത്. ഇതിനായി പത്തോളം കലുങ്കുകളും പൊളിച്ചു പണിയുന്നുണ്ട്.ഇതിന്റെ പണികളൊക്ക ഏകദേശം പൂർത്തിയായെങ്കിലും ബാക്കിയുള്ള ജോലികളാണ് തടസപ്പെട്ടിരിക്കുന്നത്.

പൂർത്തിയാകാനുള്ളത്

ഇരുവശങ്ങളിലും ഓടയും സംരക്ഷണഭിത്തിയും നിർമ്മിച്ച് ബി.എം ആൻഡ് ബി.സി.നിലവാരത്തിൽ ടാറിംഗും പൂർത്തിയാക്കാനുണ്ട്. വൈദ്യുതി പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിട്ടില്ല. പലവിധ പ്രശ്നങ്ങൾ കാരണം പലതവണ ജോലികൾ മുടങ്ങി. റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ പ്രദേശവാസികളും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ഇവിടെ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളും തുടങ്ങും.

കോൺഗ്രസിന്റെ കൂട്ടധർണ

അഴിയിടത്തുചിറ-സ്വാമിപാലം-മേപ്രാൽ-അംബേദ്ക്കർ കോളനി റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുമരാമത്ത് ഓഫീസിന് മുമ്പിൽ കൂട്ടധർണ നടത്തി. മുൻ എം.എൽ.എ. ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ്.ചെയർമാൻ ലാലു തോമസ്, ഡി.സി.സി. ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി,ആർ.ജയകുമാർ,അഡ്വ.രാജേഷ് ചാത്തങ്കരി, അരുന്ധതി അശോക്, ക്രിസ്റ്റഫർ ഫിലിപ്പ്, മിനിമോൾ ജോസ്, അഡ്വ.ബിനു വി.ഈപ്പൻ, വിനോദ് കോവൂർ,റോയ് വർഗീസ്,അഭിലാഷ് വെട്ടിക്കാടൻ, ജിജോ ചെറിയാൻ,സാറാമ്മ ഫ്രാൻസിസ്, സി.വി ചെറിയാൻ ഗീവർഗീസ് ചന്ദ്രബോസ്, എൻ,കെ,സുധാകരൻ,രാജേഷ് മലയിൽ, ആർ,ഭാസി, ഷൈനി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement