മൈനിംഗ് തൊഴിലാളികൾ സമരത്തിലേക്ക്

Thursday 09 February 2023 12:58 AM IST

കരുനാഗപ്പള്ളി: ഐ.ആർ.ഇ മൈനിംഗ് ഏരിയ സിവിൽ ഫാറം വെള്ളനാതുരുത്ത്, പൊന്മന തൊഴിലാളികൾ സമരത്തിന് ഒരുങ്ങുന്നു. തൊഴിലാളികളുടെ ദീർഘകാല കരാർ അവസാനിച്ചിട്ട് നാലുവർഷം പിന്നിടുമ്പോഴും കമ്പനി മാനേജുമെന്റ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് എ.ഐ.ടി.യു.സി യൂണിയനിൽ അംഗങ്ങളായ തൊഴിലാളികൾ സമരത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ യൂണിയൻ നേതൃത്വങ്ങളുമായി കമ്പനി അധികൃതർ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ കമ്പനി ലംഘിച്ചതായി നേതാക്കൾ പറഞ്ഞു. എന്നാൽ മുൻ ധാരണകൾക്ക് വിരുദ്ധമായി കമ്പനി എഴുതിച്ചേർത്ത വ്യവസ്ഥകൾ പിൻവലിച്ചാൽ മാത്രമേ കരാർ നടപ്പിലാക്കുവാൻ കഴിയുകയുള്ളുവെന്ന് തൊഴിലാളി നേതൃത്വം പറഞ്ഞു. മാനേജ്മെന്റ് അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ നേതാക്കളായ ബിജു, സുരേഷ്ബാബു, ശുഭപ്രസാദ് ,വിനോദ് എന്നിവർ പങ്കെടുത്തു.