ഡോ.എം.എസ്.മൗലവി അനുസ്മരണ യോഗം

Thursday 09 February 2023 1:01 AM IST

കടയ്ക്കൽ : ഡോ.എം.എസ്.മൗലവി അറബി ഭാഷാ പഠനത്തെ മാനവികമാക്കിയ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അനുസ്മരിച്ചു. ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറുമായിരുന്ന ഡോ.എം.എസ്.മൗലവിയുടെ രണ്ടാം വാർഷിക അനുസ്മരണ യോഗം കടയ്ക്കൽ എം.എസ്.എം അറബിക് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി നിലകൊണ്ട മഹത് വ്യക്തിത്വമായിരുന്നു എം.എസ് എന്നും അദ്ദേഹം അനുസ്മരിച്ചു. അറബി ഭാഷാ പഠന പ്രചരണത്തിനായി നിലകൊള്ളുന്ന വ്യക്തികളെ ആദരിക്കുന്നതിനു വേണ്ടി എം.എസ്. എം എജുക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഡോ.എം.എസ്.മൗലവി സ്മാരക പുരസ്കാരം കെ. എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീന് മൗലവി സമർപ്പിച്ചു. എം.എസ്.എം എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി തോപ്പിൽ താജുദ്ദീൻ അദ്ധ്യക്ഷനായി. ചന്ദനത്തോപ്പ് ഷിഹാബുദ്ദീൻ മൗലവി,എസ്.നിഹാസ്,സുലൈമാൻ മുതയിൽ, ഫൈസൽ നിലമേൽ, ഇ.എം. യൂസഫ്, അബ്ദുൽസലാം, ഷൈല ബീഗം, ബാലൻ, ഉനൈസ് നിലമേൽ എന്നിവർ സംസാരിച്ചു.