ചെങ്കോട്ട - കൊല്ലം പാസ‌ഞ്ചർ ട്രെയിനിൽ പരിശോധന

Thursday 09 February 2023 1:06 AM IST

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം ലഹരി വസ്തുക്കൾ എത്തുന്നുവെന്ന പരാതിയെ തുടർന്ന് റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ ട്രെയിനിൽ പരിശോധന കർശനമാക്കി.

ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള പാസഞ്ചർ ട്രെയിനിലെ യാത്രക്കാരെയും ആര്യങ്കാവ്, ന്യൂ ആര്യങ്കാവ്, തെന്മല, ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുകളിലുമാണ് പരിശോധന നടത്തിയത്. കൂടാതെ റെയിൽവേ സ്റ്റേഷനുകളിൽ ഇറക്കിവച്ച ചരക്ക് സാധനങ്ങളും പൊലീസ് പരിശോധിച്ചു.

രണ്ട് ദിവസം മുമ്പ് വിശാപട്ടണത്ത് നിന്ന് കൊല്ലത്തേക്ക് വാടകയ്ക്കെടുത്ത കാറിൽ കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ രണ്ടുപേരെ ജില്ലാ റൂറൽ പെലീസും തെന്മല പൊലീസും ചേർന്ന് കോട്ടവാസലിൽ നിന്ന് പിടികൂടിയിരുന്നു. ഇത് കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്. ലഹരി വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പരിശോധക സംഘം അറിയിച്ചു.