തീര മേഖലയിൽ ചെറുമത്സ്യ വേട്ട
വിപണനം അനധികൃത കടവുകളിൽ
കൊല്ലം: മത്സ്യസമ്പത്തിന് ഭീഷണി ഉയർത്തി ജില്ലയുടെ തീരമേഖലയിൽ ചെറുമത്സ്യ വേട്ട വ്യാപകമാകുന്നു. ഹാർബറുകളിൽ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിൽ അനധികൃത കടവുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ചെറുമത്സ്യങ്ങളുടെ വിപണനം.
കഴിഞ്ഞ ദിവസം ശക്തികുളങ്ങരയിലെ അനധികൃത കടവിൽ മൂന്ന് അറകൾ നിറയെ ചെറുമത്സ്യവുമായെത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുള്ള ഫാക്ടറികളിലേക്കാണ് പൊടിമീൻ കയറ്റി അയയ്ക്കുന്നത്. വൻ വില ലഭിക്കുന്നതിനാൽ ചില ബോട്ടുകൾ പൊടിമീൻ വേട്ടയ്ക്ക് മാത്രമായി കടലിൽ പോകുന്നുണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കുന്ന ഒരു ബോട്ടിന് സാധാരണ രണ്ട് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് വരുമാനം. എന്നാൽ കാര്യമായ ഇന്ധന ചെലവില്ലാതെ തന്നെ ചെറുമത്സ്യങ്ങളെ പിടിക്കുന്ന ബോട്ടുകൾക്ക് ഒന്നര ലക്ഷം രൂപ വരെ വരുമാനം കിട്ടുന്നുണ്ട്. ഇവർ തീരക്കടലിലാണ് വല വീശുന്നത്.
ഇവിടങ്ങളിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തീരക്കടലുകളെ ആശ്രയിക്കുന്ന വള്ളക്കാർക്ക് മണ്ണെണ്ണക്കാശ് പോലും ലഭിക്കാത്ത സാഹചര്യവും സൃഷ്ടിക്കുന്നു. ചെറിയ കണ്ണികളുള്ള നിരോധിത വല ഉപയോഗിച്ചാണ് പൊടി മീനുകളെ പിടികൂടുന്നത്.
ഒന്നരലക്ഷം രൂപയാണ് ഈ വലയുടെ വില. ബോട്ടുകളിൽ എത്തിക്കുന്ന പൊടിമീൻ ഇൻസുലേറ്റഡ് വാനുകളിലാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇത്തരം വാനുകൾ കേന്ദ്രീകരിച്ച് പരിശോധനയ്ക്ക് പൊലീസും തയ്യാറാകുന്നില്ല.
തീരക്കടലിൽ മത്സ്യം കിട്ടാനില്ല
തീരക്കടലിലെ മത്സ്യലഭ്യതയിൽ ഇടിവ് സംഭവിച്ചതോടെയാണ് സർക്കാർ പൊടിമീൻ വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. 45 ഇന ചെറുമത്സ്യങ്ങൾ പിടിക്കുന്നതിനാണ് നിരോധനമുള്ളത്. പരമ്പരാഗത വള്ളങ്ങളിലും ഫൈബർ ബോട്ടുകളിലും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് പലപ്പോഴും നിരാശരായി മടങ്ങേണ്ടി വരുന്നതിന്റെ പ്രധാന കാരണം പൊടിമീനുകളെ ബോട്ടുകൾ കൂട്ടത്തോടെ റാഞ്ചുന്നതിനാലാണ്.
സംരക്ഷണമുള്ള പ്രധാന മത്സ്യഇനങ്ങളും സംരക്ഷിത വലിപ്പവും (സെന്റി മീറ്ററിൽ)
വരയൻ ചൂര: 35 (തല മുതൽ വാലിന്റെ തുടക്കം വരെ)
കേര ചൂര: 50 (തല മുതൽ വാലിന്റെ തുടക്കം വരെ)
നെയ്മീൻ: 35 (തല മുതൽ വാലിന്റെ തുടക്കം വരെ)
വങ്കട: 19 (ആകെ നീളം)
കിളിമീൻ: 10 (ആകെ നീളം)
വെള്ള ആവോലി: 13 (ആകെ നീളം)
കറുത്ത ആവോലി: 17 (ആകെ നീളം)
പൂവാലൻ ചെമ്മീൻ: 6 (ആകെ നീളം)
കരിക്കാടി ചെമ്മീൻ: 7 (ആകെ നീളം)