വിദ്യാർത്ഥികളെ എടാ, പോടാ എന്ന് വിളിക്കേണ്ട

Thursday 09 February 2023 1:15 AM IST

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളെ എടാ, പോടാ, വാടാ എന്നൊക്കെ അദ്ധ്യാപകർ വിളിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം. എടീ, പോടീ, നീ, നിന്റെ, അവന്റെ, അവളുടെ, വാടാ, വാടീ തുടങ്ങിയ പദങ്ങളും പാടില്ല. വിദ്യാർത്ഥികൾക്ക് മാതൃകയാകുന്ന വിധത്തിൽ മാത്രമേ അദ്ധ്യാപകർ പെരുമാറാവൂ എന്നാണ് നിർദ്ദേശം. ഇവയെല്ലാം അപമര്യാദയായ, ബഹുമാനമില്ലാത്ത വാക്കുകളാണ്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ നിർദ്ദേശം. വരും ദിവസങ്ങളിൽ മറ്റു ജില്ലകൾക്കും ബാധകമാക്കും. മുഖ്യമന്ത്രിക്ക് ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. അദ്ധ്യാപകരെ ലിംഗ ഭേദമില്ലാതെ ടീച്ചർ എന്ന് വിളിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷൻ നിർദ്ദേശിച്ചത് ചർച്ചയായിരുന്നു.